പി.വി. അന്‍വറിന്‍റെ ആരോപണങ്ങളോട് പ്രതികരിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആരോപണങ്ങളിൽ നിന്ന് തടിയൂരാനുള്ള നടപടികളാണ് ഇപ്പോൾ സർക്കാർ സ്വീകരിക്കുന്നതെന്ന് തിരുവഞ്ചൂർ ആരോപിച്ചു.
ഭരണകക്ഷി എംഎല്‍എ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. സൂപ്പർ ഡിജിപി ആയിട്ടാണ് അജിത് കുമാർ നിൽക്കുന്നത്. അപ്പോൾ അജിത് കുമാറിനെതിരെ ഡിജിപി അന്വേഷണം വന്നിട്ടെന്ത് കാര്യം? ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. ഐപിഎസ് ഉദ്യോഗസ്ഥർക്ക് എതിരെയാണ് ആരോപണം. അത്തരം ആരോപണങ്ങൾ അന്വേഷിക്കേണ്ടത് സിബിഐ തന്നെയാണെന്ന് തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. സുജിത് ദാസിന്‍റെ സ്ഥലംമാറ്റം ഒരു ശിക്ഷണ നടപടിയല്ലെന്നും യുഡിഎഫ് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറഞ്ഞു.
കരിപ്പൂർ സ്വര്‍ണ കള്ളക്കടത്ത് അടക്കം നിരവധി ആരോപണങ്ങളാണ് എഡിജിപി എം.ആർ. അജിത് കുമാറിനു നേരെ പി.വി. അന്‍വർ ഉയർത്തിയത്. സ്വർണം കടത്തുന്നവരുടെ വിവരങ്ങൾ എസ്‍പി സുജിത് ദാസിന് ഗൾഫിൽ നിന്നും ലഭിക്കും. അജിത് കുമാറുമായി ബന്ധമില്ലാത്തവർ സ്വർണം കടത്തിയാൽ സുജിത് ദാസ് ഐപിഎസ് പിടികൂടുമെന്നും അന്‍വർ പറഞ്ഞു. എടവണ്ണ കൊലക്കേസിലെ പ്രതി ഷാൻ നിരപരാധിയാണെന്നും, സ്വർണക്കടത്തിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഷാൻ്റെ പക്കൽ ഉണ്ടായിരുന്നെന്നും അൻവർ ആരോപിച്ചു.