NEWSROOM

ADGP-RSS കൂടിക്കാഴ്ച: ഒടുവിൽ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

കൂടിക്കാഴ്ച, എന്തിന്, ആരുടെ നിർദേശപ്രകാരം നടത്തി എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ഡിജിപി റിപ്പോർട്ട് സമർപ്പിക്കും

Author : ന്യൂസ് ഡെസ്ക്

ആർഎസ്എസ് നേതാക്കളുമായി എഡിജിപി എം.ആർ. അജിത് കുമാർ നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ഡിജിപിക്കാണ് അന്വേഷണ ചുമതല. കൂടിക്കാഴ്ച എന്തിന്, ആരുടെ നിർദേശ പ്രകാരം നടത്തി എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ഡിജിപി റിപ്പോർട്ട് സമർപ്പിക്കും.

ആർഎസ്എസ് നേതാവ് റാം മാധവുമായി കോവളത്തുവച്ചു നടത്തിയ കൂടിക്കാഴ്ചയും, ദത്താത്രേ ഹൊസബല്ലെയുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് അന്വേഷിക്കുന്നത്. ആർഎസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി നടത്തിയത്  സ്വകാര്യ സന്ദർശനം ആയിരുന്നെന്നാണ് എഡിജിപി നൽകിയിരുന്ന വിശദീകരണം. 
തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രിക്കു വേണ്ടി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തിനു പിന്നാലെയാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകി എഡിജിപി രംഗത്തെത്തിയത്. 

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം ആർഎസ്എസ് നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിന് മൊഴി നൽകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

SCROLL FOR NEXT