നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിൻ്റെ സ്‌ഥലമെടുപ്പിനായുള്ള പ്രാഥമിക വിജ്‌ഞാപനം സർക്കാർ പുറത്തിറക്കി. കൂടാതെ സാമൂഹികാഘാത പഠനം നടത്താനുള്ള ഏജൻസിയെയും തീരുമാനിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നിയമം 4(1) പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനമാണു പുറത്തിറക്കിയത്. സ്ഥലമേറ്റെടുക്കുന്നതിനു മുന്നോടിയായുള്ള സാമൂഹികാഘാത പഠനം നടത്തുന്നതിനു കൊച്ചി തൃക്കാക്കര ഭാരതമാതാ കോളജിലെ ഭാരതമാതാ സ്‌കൂൾ ഓഫ് സോഷ്യൽ വർക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി സർക്കാർ കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിലെയും സ്വകാര്യഭൂമിയിലെയും 2750 ഏക്കർ വസ്തു ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം കോടതി റദ്ദാക്കിയതിനെ തുടർന്നാണ് പുതിയ വിജ്ഞാപനം ഇറക്കുന്നത്. 2023 ജനുവരി 23നായിരുന്നു സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പ്രാഥമിക വിജ്ഞാപനം പുറത്തിറക്കിയത്. തുടർന്ന്, നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടെന്നും വിജ്ഞാപനത്തിനൊപ്പം പദ്ധതിരേഖ സമർപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ വിജ്ഞാപനത്തിനൊപ്പം വിശദമായ പദ്ധതി രേഖകൂടി പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്. പദ്ധതിയുടെ ലക്ഷ്യങ്ങള്‍, സമയക്രമം, ഉറവിടം ബജറ്റ് എന്നിവയുടെ വിശദ വിവരങ്ങള്‍ പദ്ധതി രേഖയിലുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം ശബരിമല വിമാനത്താവളത്തിൻ്റെ പദ്ധതി രേഖ തയ്യാറാക്കുന്നതിൻ്റെ ഭാഗമായുള്ള, അന്തരീക്ഷത്തിലെ തടസങ്ങൾ സംബന്ധിച്ച പഠനം ആരംഭിച്ചിരുന്നു. മുംബൈ ആസ്ഥാനമായ സ്റ്റുപ്പ് എന്ന ഏജൻസിയാണ് പഠനം നടത്തുന്നത്. കാറ്റ്, ഭൂഘടന, വെള്ളത്തിൻ്റെ ഒഴുക്ക്, അടിത്തട്ടിൻ്റെ ഉറപ്പ്, കുന്നുകൾ, കെട്ടിടങ്ങൾ, താമസിക്കുന്നവർ തുടങ്ങിയ വിവരങ്ങൾ ഘട്ടം ഘട്ടമായി ശേഖരിക്കും. പഠനം പൂർത്തിയാവാൻ 6 മാസമെങ്കിലുമെടുക്കും. സ്റ്റുപ്പിനെ സഹായിക്കാനായി ജിയോടെക്ക് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 4 കോടി രൂപയ്ക്കാണ് സ്റ്റുപ്പ് പഠന ചുമതല ഏറ്റെടുത്തത്.