NEWSROOM

തിരുവനന്തപുരത്തെ കുടിവെള്ള പ്രശ്‌നം: റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സര്‍ക്കാര്‍; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് വാട്ടര്‍ അതോറിറ്റി

വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തില്‍ ഇടപെട്ട് സര്‍ക്കാര്‍. വിഷയത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് അഡീഷണല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. വീഴ്ച കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും.

സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച ഉണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗനിര്‍ദേശം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, നഗരത്തിലെ കുടിവെള്ള പ്രശ്‌നം ഇനിയും പൂര്‍ണമായി പരിഹരിക്കാനായിട്ടില്ല. ഉയര്‍ന്ന മേഖലകളില്‍ പലയിടങ്ങളിലും വെള്ളം എത്തിയിട്ടില്ല. വട്ടിയൂര്‍ക്കാവ്, മേലാംകോട്, കാഞ്ഞിരംപാറ പ്രദേശങ്ങളില്‍ വെള്ളമെത്തിയില്ലെന്നാണ് പരാതി.

ഇന്നലെ രാത്രിയോടെ കുടിവെള്ള വിതരണം പൂര്‍ണമായി പുനഃസ്ഥാപിച്ചുവെന്നാണ് അറിയിച്ചിരുന്നത്. പമ്പിങ് പുനരാരംഭിച്ചതോടെ ഉച്ചയ്ക്ക് മുമ്പ് തന്നെ ഭൂരിഭാഗം വാര്‍ഡുകളിലും വെള്ളം എത്തിയിരുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ രാത്രിയോടെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, പലയിടത്തും ഇനിയും വെള്ളം എത്തിയിട്ടില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

അഞ്ച് ദിവസമാണ് കുടിവെള്ളമില്ലാതെ തലസ്ഥാന നഗരത്തിലെ ജനങ്ങള്‍ വലഞ്ഞത്. തിരുവനന്തപുരം - കന്യാകുമാരി റെയില്‍വേ പാത ഇരട്ടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിലവിലെ പൈപ്പുകള്‍ മാറ്റി സ്ഥാപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നഗരത്തില്‍ കുടിവെള്ളം മുടങ്ങിയത്. 44 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള വിതരണമാണ് മുടങ്ങിയത്. മുന്നൊരുക്കം നടത്താതെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായത്.


SCROLL FOR NEXT