റേഷൻ വ്യാപാരികൾ നിശ്ചയിച്ച സമരത്തിൽ നിന്ന് പിന്മാറണമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. വിഷയം വ്യാപാരികളുമായി സമയമെടുത്ത് ചർച്ച ചെയ്തിരുന്നെന്ന് പറഞ്ഞ മന്ത്രി, വേതന വർധനവ് മാത്രമാണ് നിലവിൽ പരിഗണിക്കാൻ കഴിയാത്തതെന്ന് വ്യക്തമാക്കി. വേതനം വർധിപ്പിക്കാൻ സമയമെടുക്കും. അത് സമരക്കാരെ അറിയിച്ചിട്ടുണ്ട്. ഭക്ഷണം നിഷേധിക്കുന്ന സാഹചര്യത്തിലേക്ക് കേരളം എത്താൻ പാടില്ല. വ്യാപാരികളുടെ ആവശ്യങ്ങളിൽ പരിഹാരം കാണുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി ജി .ആർ. അനിൽ പറഞ്ഞു.
റേഷൻ വാതിൽപ്പടി വിതരണക്കാരുടെ സമരം പിൻവലിതിന് പിന്നാലെയാണ് ഭക്ഷ്യമന്ത്രി മാധ്യമങ്ങളോട് സംസാരിച്ചത്. വിതരണക്കാരുടെ സമരം ഗുരുതരമായി ബാധിച്ചില്ലെങ്കിലും സംസ്ഥാനത്ത് പ്രശ്നങ്ങൾ ഉണ്ടാകത്തക്ക തരത്തിലേക്ക് പോയിരുന്നെന്ന് മന്ത്രി പറഞ്ഞു. കുടിശ്ശികയായി ഉണ്ടായിരുന്ന തുക നൽകുമെന്നും ജി.ആർ. അനിൽ ഉറപ്പ് നൽകി. തിങ്കളാഴ്ച മുതൽ റേഷൻ കടകളിലേക്ക് ധാന്യങ്ങൾ എത്തിക്കാൻ സജ്ജരാണെന്ന് വാതിൽപ്പടി വിതരണക്കാർ പറഞ്ഞിരുന്നു.
സെപ്റ്റംബർ മുതലുള്ള തുകയാണ് വിതരണക്കാർക്ക് നൽകാനുള്ളത്. നാലുമാസത്തോളം കുടിശ്ശിക ഉണ്ടായിരുന്നു. ഇതേതുടർന്നാണ് ഇവർ സമരവുമായി രംഗത്തിറങ്ങിയത്. ധനവകുപ്പ് ഫണ്ട് അനുവദിച്ചെങ്കിലും, തുക പൂർണമായും നൽകാൻ ആകില്ല. അതിനാൽ 60% തുക നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ തുക വിതരണം ചെയ്യാമെന്ന് ജി.ആർ. അനിൽ അറിയിച്ചതിനെ തുടർന്നാണ് റേഷൻ വിതരണക്കാർ സമരം പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച മുതൽ റേഷൻ കടകളിലേക്ക് ധാന്യങ്ങൾ എത്തിക്കാൻ സജ്ജരാണെന്ന് വാതിൽപ്പടി വിതരണക്കാർ പറഞ്ഞു.
ജനുവരി ഒന്നു മുതലാണ് റേഷൻ വാതിൽ പടി വിതരണക്കാർ സമരം ആരംഭിച്ചത്. മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ റേഷൻ വാതിൽപ്പടി വിതരണക്കാർ തീരുമാനിച്ചത്. ഇവര്‍ക്ക് സെപ്റ്റംബറിലെ 60 ശതമാനം വിതരണക്കൂലിയും ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കരാര്‍ തുകയും പൂര്‍ണമായി കിട്ടാനുണ്ട്.