NEWSROOM

ഡൽഹിയിൽ വായുമലിനീകരണം അനിയന്ത്രിതാവസ്ഥയിൽ; എന്താണ് വായു ഗുണനിലവാര കമ്മീഷൻ ഏർപ്പെടുത്തിയ ജിആർഎപി നാല്?

ജിആർഎപി മൂന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, വായുമലിനീകരണം അതിതീവ്ര നിലയിലേക്ക് കടന്നതാണ് ജിആർഎപി നാല് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്

Author : ന്യൂസ് ഡെസ്ക്

രാജ്യതലസ്ഥാനത്ത് അതിരൂക്ഷമായ വായുമലിനീകരണം തുടരുന്ന സാഹചര്യത്തിൽ വായു ഗുണനിലവാര മാനേജ്മെൻ്റ് കമ്മീഷൻ, ജിആർഎപി (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ) നാല് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കാൻ തീരുമാനത്തിലെത്തി. കഴിഞ്ഞ ദിവസം, വൈകീട്ട് നാല് മണിയോടെ ഡൽഹിയിൽ എക്യുഐ 441 എന്ന നിലയിലായിരുന്നു. എന്നാൽ, പിന്നീട് ഓരോ മണിക്കൂ‍ർ ഇടവിട്ടുള്ള പരിശോധനയിൽ 447, 452, 457 എന്ന നിലയിലേക്ക് എക്യുഐ ഉയർന്നിരുന്നു. നേരത്തെ, ജിആർഎപി മൂന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, വായുമലിനീകരണം അതിതീവ്ര നിലയിലേക്ക് കടന്നതാണ് ജിആർഎപി നാല് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.

ദേശീയ തലസ്ഥാന മേഖലയ്‌ക്ക് (എൻസിആർ) വേണ്ടിയുള്ള ജിആർഎപി ഡൽഹിയിലെ പ്രതികൂല വായു ഗുണനിലവാരത്തെ നാല് വ്യത്യസ്ത ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. ആദ്യ ഘട്ടം (മോശം- എക്യുഐ 201- 300); രണ്ടാം ഘട്ടം (വളരെ മോശം- എക്യുഐ 301- 400); മൂന്നാം ഘട്ടം (തീവ്രം- എക്യുഐ 401- 450); നാലാം ഘട്ടം (അതിതീവ്രം- എക്യുഐ> 450)

എന്താണ് ജിആർഎപി നാല്? നിയന്ത്രണങ്ങൾ എന്തെല്ലാം?

വായു ഗുണനിലവാരം അതിതീവ്രം (എക്യുഐ> 450) എന്ന നിലയിലേക്ക് എത്തുമ്പോഴാണ് ജിആർഎപി നാല് നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുന്നത്.

- 10, 12 ക്ലാസുകൾ ഒഴികെയുള്ള എല്ലാ വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകൾ

- ട്രക്കുകളുടെ പ്രവേശനത്തിന് നിരോധനമുണ്ട്. എന്നാൽ, എല്ലാ എൽഎൻജി /സിഎൻജി /ഇലക്‌ട്രിക് /ബിഎസ്-VI ഡീസൽ ട്രക്കുകൾക്കും പ്രവേശിക്കാൻ അനുമതിയുണ്ട്

- പൊതു പദ്ധതികളിലെ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കും

- അവശ്യ സേവനങ്ങളൊഴികെ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ബിഎസ്-IV അല്ലെങ്കിൽ പഴയ ഡീസൽ മീഡിയം, ഹെവി ഗുഡ്‌സ് വാഹനങ്ങൾക്ക് നിയന്ത്രണം

- ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി ലൈനുകൾ, പൈപ്പ് ലൈനുകൾ, മറ്റ് പൊതു പദ്ധതികൾ എന്നിവയുൾപ്പെടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവച്ചു

- സർക്കാർ, മുനിസിപ്പൽ, സ്വകാര്യ ഓഫീസുകളിലെ 50% ജീവനക്കാരെയും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കും

- കോളേജുകൾ/ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ അടച്ചുപൂട്ടൽ, അടിയന്തരമല്ലാത്ത വാണിജ്യ പ്രവർത്തനങ്ങളുടെ അടച്ചുപൂട്ടൽ തുടങ്ങിയ അധിക അടിയന്തര നടപടികൾ സംസ്ഥാന സർക്കാർ പരിഗണിച്ചേക്കാം

- ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമോ എന്ന് കേന്ദ്ര സർക്കാരും തീരുമാനമെടുക്കും

കൂടാതെ, മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാനും, മേഖലയിലെ വായുവിൻ്റെ ഗുണനിലവാരം നിലനിർത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ജിആർഎപി നടപടികൾ വിജയകരമായി നടപ്പിലാക്കാൻ സഹായിക്കാനും ജനങ്ങളോട് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. കുട്ടികൾ, പ്രായമായവർ, ശ്വസന, ഹൃദയ, സെറിബ്രോവാസ്കുലർ അല്ലെങ്കിൽ മറ്റ് വിട്ടുമാറാത്ത രോഗങ്ങളുള്ളവർ കഴിയുന്നത്ര വീടിനുള്ളിൽ തന്നെ തുടരുകയും ബാഹ്യ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും വേണം.


SCROLL FOR NEXT