NEWSROOM

പൊറോട്ടയ്ക്കും ബീഫ് ഫ്രൈക്കുമൊപ്പം ഗ്രേവി സൗജന്യമല്ല; എറണാകുളം സ്വദേശിയുടെ പരാതി തള്ളി കോടതി

പരാതി പരിഗണനയ്ക്ക് അര്‍ഹമല്ലെന്ന് വ്യക്തമാക്കിയാണ് തള്ളിയത്.

Author : ന്യൂസ് ഡെസ്ക്

ബീഫ് ഫ്രൈയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്ത ഉപഭോക്താവിന് ഗ്രേവി സൗജന്യമായി നല്‍കിയില്ലെന്ന പരാതി നിലനില്‍ക്കുന്നതല്ലെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം സ്വദേശി ഷിബു.എസിന്റെ പരാതിയാണ് തള്ളിയത്. കോലഞ്ചേരി പത്താം മൈലിലെ 'ദി പേര്‍ഷ്യന്‍ ടേബിള്‍' എന്ന റെസ്റ്റോറന്റ്‌നെതിരെയായിരുന്നു പരാതി നല്‍കിയത്. പരാതി പരിഗണനയ്ക്ക് അര്‍ഹമല്ലെന്ന് വ്യക്തമാക്കിയാണ് തള്ളിയത്.

2024 നവംബറിലാണ് പരാതിക്കാരനും സുഹൃത്തും റസ്റ്ററന്റില്‍ നിന്ന് പൊറോട്ടയും ബീഫ് ഫ്രൈയും ഓര്‍ഡര്‍ ചെയ്തത്. ഇതിനൊപ്പം ഗ്രേവി ആവശ്യപ്പെട്ടെങ്കിലും നല്‍കാനാകില്ലെന്ന് ഹോട്ടല്‍ ഉടമ അറിയിച്ചു. തുടര്‍ന്ന് ഷിബു കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പരാതി നല്‍കിയത്.

താലൂക്ക് സപ്ലൈ ഓഫീസറും, ഫുഡ് സേഫ്റ്റി ഓഫീസറും അന്വേഷണം നടത്തുകയും ഗ്രേവി കൊടുക്കുക എന്നത് സ്ഥാപനത്തിന്റെ പോളിസിയിലില്ലെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതോടെ പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു.


സൗജന്യമായി ഗ്രേവി നല്‍കുമെന്ന് റസ്റ്ററന്റ് വാഗ്ദാനം നല്‍കുകയോ പണം ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരന് ഭക്ഷണത്തിന്റെ ഗുണമേന്മയെ കുറിച്ചോ അളവിലോ സുരക്ഷയിലോ പരാതിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമം - സെക്ഷന്‍ 2(11) അനുസരിച്ച് സേവനത്തിലെ ന്യൂനത എന്നാല്‍, നിലവിലുള്ള ഏതെങ്കിലും നിയമ പ്രകാരമോ അല്ലെങ്കില്‍ എതിര്‍ കക്ഷിയുടെ വാഗ്ദാന പ്രകാരമോ നിഷ്‌കര്‍ഷിച്ചിട്ടുള്ള സേവനങ്ങളുടെ ഗുണമേന്മ, അളവ്, സുരക്ഷ എന്നിവയില്‍ സംഭവിച്ചിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി.


അതിനാല്‍ ഗ്രേവി നല്‍കാന്‍ നിയമപരമായോ കരാറിലൂടെയോ റസ്റ്ററന്റിന് ബാധ്യതയുണ്ടെന്ന് തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ല. അതിനാല്‍ പൊറോട്ടയും ബീഫ് ഫ്രൈക്കുമൊപ്പം സൗജന്യമായി ഗ്രേവി നല്‍കാത്തത് സേവന ന്യൂനതയായി പരിഗണിക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

SCROLL FOR NEXT