NEWSROOM

ലോക ശ്രദ്ധ ആകർഷിക്കാൻ ഗ്രീസിന്റെ തനത് കളിമൺ പാത്ര നിർമാണം; ഇനി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും

ചുരുക്കം ചില കുടുംബങ്ങൾ മാത്രമാണ് യുനെസ്കോയുടെ പട്ടികയിൽ ഇടംപിടിച്ച കളിമൺ നിർമാണം ഇന്നും പിന്തുടരുന്നത്

Author : ന്യൂസ് ഡെസ്ക്


പല ആചാരങ്ങളും കെട്ടിടങ്ങളും യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ നിരയിലേക്ക് അടുത്തിടെ ഉൾപ്പെടുത്തിയ ഒന്നാണ് ഗ്രീസിന്റെ തനത് കളിമൺ പാത്ര നിർമാണം. ഗ്രീക്കിൽ മാത്രം പരമ്പരാഗതമായി നിർമ്മിക്കുന്ന കളിമൺ നിർമാണം ഇന്ന് ലോക ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. ചുരുക്കം ചില കുടുംബങ്ങൾ മാത്രമാണ് യുനെസ്കോയുടെ പട്ടികയിൽ ഇടംപിടിച്ച കളിമൺ നിർമാണം ഇന്നും പിന്തുടരുന്നത്.

പരമ്പരാഗത രീതിയിൽ മൺപാത്ര നിർമാണങ്ങളിൽ ഏർപ്പെടുന്ന ചുരുക്കം ചില കുടുംബങ്ങൾ മാത്രമേ ഇന്ന് ഗ്രീക്കിൽ ബാക്കിയുള്ളു. ആവശ്യക്കാർ ഏറെ ഇല്ലെങ്കിലും
ഇന്നും ഇവർ പരമ്പരാഗതമായി കൈമാറി വന്ന ഈ കല കൈവിടാൻ തയ്യാറായിട്ടില്ല. ഇവരുടെ പരിശ്രമങ്ങൾക്ക് യുനെസ്കോ നൽകിയ അംഗീകാരം കൂടിയാണ് ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.

മെഡിറ്ററേനിയനിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതരം മണലിൽ തയ്യാറാക്കുന്ന മൺപാത്രങ്ങളാണ് ഇവർ നിർമിക്കുന്നത്. ഒലിവെണ്ണ ഉപയോഗിച്ചുള്ള ചൂളയിലാണ് കളിമൺ പാത്രങ്ങൾ തയ്യറാക്കുന്നത്. പ്രകൃതിദത്തമായ കുമ്മായവും പാത്രങ്ങൾക്കൾക്ക് ചുറ്റും പൂശും. ശേഷം മൺപാത്രങ്ങൾക്കകത്തും ചായം പൂശി ഗ്രീക്ക് മുദ്ര പതിപ്പിക്കുന്നു. ഇത്രയും സൂക്ഷമായി തനത് ശൈലിയിൽ നിർമ്മിക്കുന്ന ഈ മൺപാത്ര നിർമാണ രീതി അന്യം നിന്ന് പോകുന്നതിന്റെ വക്കിലാണ്.

പരമ്പരാഗത രീതിയിൽ ഒരു ദിവസം 150 മൺപാത്രങ്ങൾ നിർമ്മിക്കുമ്പോൾ, ഫാക്ടറി സാങ്കേതിക വിദ്യകളിലൂടെ 1000 പാത്രങ്ങൾ വരെ നിർമ്മിക്കാനാകും. ഇന്നും തനത് രീതിയിൽ കളിമൺ നിർമാണം തുടരുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളി ഇതാണെന്ന് കളിമൺ പാത്ര നിർമാതാവായ ദിമിത്രിസ് കൂവ്‌ഡിസ് പറഞ്ഞു. പ്രതിസന്ധികളും വെല്ലുവിളികളും ഏറെയുണ്ടെങ്കിലും പരമ്പരാഗത രീതി ഉപേക്ഷിക്കാൻ ഇവർ തയ്യാറല്ല. ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ചതോടെ ഈ തനത് രീതിക്ക് ലോക ശ്രദ്ധ കിട്ടുമെന്നാണ് ഇവർ വിശ്വസിക്കുന്നത്.

SCROLL FOR NEXT