തിരുവനന്തപുരം പാറശാലയിൽ ഷാരോൺ രാജിനെ സുഹൃത്തായ ഗ്രീഷ്മ കഷായത്തിൽ വിഷം ചേർത്ത് നൽകി കൊന്നുവെന്ന വാർത്ത പുറത്തുവന്നത് കേരളത്തെയാകെ നടുക്കിക്കൊണ്ടാണ്. ഗ്രീഷ്മയെന്ന 22 കാരിയെ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയപ്പോള്‍ രണ്ടു വർഷത്തിലധികം നീണ്ട അന്വേഷണത്തിനും,വിചാരണകൾക്കുമാണ് അന്ത്യമായത്.
ഷാരോൺ എന്ന സുഹൃത്തിനെ ഒഴിവാക്കാൻ പലപ്പോഴായി നടത്തിയ ശ്രമങ്ങളാണ് 2022 ൽ കൊലപാതകത്തിലെത്തി നിന്നത്. ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത് 2022 ഒക്ടോബര്‍ 14 നാണ്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് 11 ദിവസങ്ങൾക്ക് ശേഷം ഷാരോൺ മരിച്ചു.
കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പലതവണ ജ്യൂസിലടക്കം വിഷംകലര്‍ത്തി ജ്യൂസ് ചലഞ്ച് നടത്തിയും ആദ്യഭര്‍ത്താവ് മരിക്കുമെന്ന അന്ധവിശ്വാസം പറഞ്ഞുമെല്ലാം ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അതൊന്നും ഫലം കണ്ടില്ല.ഒടുവിൽ കഷായത്തിൽ വിഷം കലർത്തി നൽകിയാണ് ഷാരോണിനെ ഇല്ലാതാക്കിയത്.
അഴകിയ മണ്ഡപം മുസ്ലിം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥിനിയായ ഗ്രീഷ്മയും നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ വിദ്യാര്‍ഥിയായ ഷാരോണും ഒരേ ബസിലാണ് യാത്ര ചെയ്തിരുന്നത്. അങ്ങനെയാണ് അവർ തമ്മിൽ കാണുന്നതും, പ്രണയത്തിലായതും. പഠനത്തിൽ ഗ്രീഷ്മ പിറകോട്ട് പോയതിൻ്റെ കാരണമന്വേഷിച്ച സമയത്താണ് വീട്ടുകാർ ഈ ബന്ധത്തെക്കുറിച്ച് അറിയുന്നത്.
ഗ്രീഷ്മയ്ക്ക് പുതിയ വിവാഹ ആലോചന വന്നതോടെയാണ് ഷാരോണുമായുള്ള ബന്ധത്തിന് ഉലച്ചിൽ സംഭവിക്കുന്നത്. പലകാരണങ്ങള്‍ പറഞ്ഞ് ഷാരോണിനെ ഒഴിവാക്കാന്‍ നോക്കി. തൻ്റെ ആദ്യഭര്‍ത്താവ് മരിക്കുമെന്ന് ജ്യോത്സ്യന്‍ പറഞ്ഞെന്നും അതുകൊണ്ട് നമുക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടന്നു പറഞ്ഞതൊന്നും ഷാരോണിനെ പിന്മാറാൻ പ്രേരിപ്പിച്ചില്ല. ഇതോടെയാണ് കൊലപാതകത്തിലേക്ക് ഗ്രീഷ്മ എത്തിച്ചേരുന്നത്. 2022 ഫെബ്രുവരി മാസമാണ് മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ജോത്സ്യൻ പറഞ്ഞതുകേട്ട് വിവാഹം മാറ്റിവയ്ക്കുകയായിരുന്നു. ഈ സാഹചര്യങ്ങളിലൊന്നും ഷാരോൺ ബന്ധത്തിൽ നിന്ന് പിൻമാറിയിരുന്നില്ല . ഇതോടെ കൊലപാതകമെന്ന വഴി തെരഞ്ഞെടുക്കുകയായിരുന്നു.
കഷായത്തില്‍ പാരക്വറ്റ് എന്ന കളനാശിനി ചേര്‍ത്താണ് ഗ്രീഷ്മ ഷാരോണിന് നൽകിയത്. നൂറ് മില്ലിയോളം മരുന്ന് ഒരു ഗ്ലാസിലാക്കി ഒഴിച്ചുകൊടുത്തുവെന്നും അതിന്റെ കയ്പ് മാറാന്‍ ഫ്രിഡ്ജിലിരിക്കുന്ന ജ്യൂസ് പിന്നീട് കുടിക്കാന്‍ കൊടുത്തുവെന്നും ഗ്രീഷ്മ മൊഴി നൽകിയിരുന്നു. ഗ്രീഷ്മ സ്ഥിരമായി കഷായം കുടിക്കുന്നത് പറഞ്ഞ് ഷാരോൺ കളിയാക്കുമായിരുന്നു. അതുകൊണ്ട് കുടിച്ച് നോക്കാൻ പറഞ്ഞാണ് ഷാരോണിന് കഷായം നൽകിയതെന്നും ഗ്രീഷ്മ പറഞ്ഞു.
അതിനിടെ ഗ്രീഷ്മയും ഷാരോണും വീട്ടിലെത്തി മറ്റാരുമറിയാതെ താലികെട്ടുകയായിരുന്നുവെന്നും ഇതിന്റെ ചിത്രങ്ങൾ അടക്കമുള്ളവ ഷാരോണിൻ്റെ ഫോണിലുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞിരുന്നു. മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ ശേഷവും ഗ്രീഷ്മ പറഞ്ഞിട്ടാണ് ബന്ധം തുടര്‍ന്നതെന്നും 2022 നവംബറിന് ശേഷം വീടുവിട്ട് ഇറങ്ങിപ്പോരാമെന്ന് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞാതായും ഷാരോണിൻ്റെ ബന്ധുക്കൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇരുവരുടേയും ഫോൺ ചാറ്റുകളും മറ്റും കേസന്വേഷണത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.