പ്രതിഷേധത്തിനിടെ റോഡ് ഉപരോധിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിനെ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ വെച്ച് അറസ്റ്റ് ചെയ്തു. ജൈവ ഇന്ധന സബ്സിഡിക്കെതിരായി ഗ്രേറ്റ തുന്‍ബര്‍ഗും മറ്റ് പ്രതിഷേധക്കാരും നടത്തിയ പ്രതിഷേധത്തിനിടെയാണ് ഗ്രേറ്റ തുന്‍ബര്‍ഗിനെ അറസ്റ്റ് ചെയ്തത്. കുത്തിയിരിപ്പ് സമരം ഉപേക്ഷിക്കാൻ വിസമ്മതിച്ചതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് കടന്നത്.
യുണൈറ്റഡ് ഫോർ ക്ലൈമറ്റ് ജസ്റ്റിസ് പ്രസ്ഥാനം യൂറോപ്യൻ പാർലമെൻ്റിന് പുറത്ത് ആരംഭിച്ച മാർച്ചിൽ നിന്ന് പിരിഞ്ഞുപോയ പ്രകടനക്കാരുടെ ഭാഗമായിരുന്നു 21കാരിയായ ഗ്രേറ്റ തുൻബർഗും. 2050ഓടെ യൂറോപ്യൻ ഭൂഖണ്ഡത്തെ കാർബൺ മുക്തമാക്കുക എന്ന ലക്ഷ്യത്തിൽ എത്തിക്കുന്നതിനായി, ജൈവ ഇന്ധനങ്ങളുടെ സബ്സിഡി അവസാനിപ്പിക്കുന്നതിനായാണ് യൂറോപ്യൻ യൂണിയൻ ആസ്ഥാനമായ ബ്രസൽസിൽ ഗ്രേറ്റ തുൻബർഗ് അടക്കമുള്ളവർ റാലി നടത്തിയത്.
കഴിഞ്ഞ മാസം, ഗാസയിലെ ഇസ്രയേല്‍ സൈനിക നടപടിക്കെതിരായി കോപ്പൻഹേഗനിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നും ഗ്രേറ്റ തുന്‍ബര്‍ഗിനെ അറസ്റ്റ് ചെയ്തിരുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയാനായി അന്താരാഷ്ട്രതലത്തിൽ ഉൽബോധനം നടത്തുന്ന ഗ്രേറ്റ തുന്‍ബര്‍ഗിനെ 2019ലെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തിരുന്നു. അന്ന് 16 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഗ്രേറ്റ ആയിരുന്നു ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.