സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ ജിഎസ്ടി അഡീഷണല്‍ കമ്മീഷണറും കുടുംബവും ആത്മഹത്യ ചെയ്തത് അറസ്റ്റ് ഭയന്നെന്ന് നിഗമനം. മരിച്ച ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ കുടുംബം സിബിഐ അറസ്റ്റ് ഭയന്നിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. വീട്ടില്‍ നിന്ന് ഹിന്ദിയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു.
വിദേശത്തുള്ള സഹോദരിയെ വിവരമറിയിക്കണമെന്നും സ്വത്തുക്കളുടെ ആധാരങ്ങളും സഹോദരിക്ക് കൈമാറണമെന്നുമാണ് കത്തില്‍ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ കാക്കനാടുള്ള സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി, ഇവരുടെ അമ്മ ശകുന്തള എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടായിരുന്നു. ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചവര്‍.
മൂന്ന് ദിവസത്തെ അവധിക്ക് നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ മനീഷിനെ അവധി കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ അടുക്കളയില്‍ രേഖകള്‍ കത്തിച്ചതായി കണ്ടെത്തിയിരുന്നു. ഇത് ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട രേഖകളാകാമെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടിലെ ഒരു മുറിയില്‍ നിന്നും പോലീസിന് ഒരു ഡയറി ലഭിച്ചിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്.
2006 ല്‍ ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ശാലിനി ഡെപ്യൂട്ടി കളക്ടര്‍ പദവിയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍, പിന്നീട് റാങ്ക് പട്ടിക സംബന്ധിച്ച് പരാതി ഉയരുകയും പട്ടിക റദ്ദാക്കുകയും ചെയ്തിരുന്നു. ശാലിനിയുടെ ജോലിയും നഷ്ടമായി. പരീക്ഷ ക്രമക്കേടില്‍ 2012 ല്‍ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. 2024 ല്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് ശാലിനിയേയും കുടുംബത്തേയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. റാങ്ക് പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളാണോ കൃത്യത്തിന് പിന്നിലെന്നതില്‍ വ്യക്തത വന്നിട്ടില്ല.
മനീഷും സഹോദരിയും തൂങ്ങി മരിച്ച നിലയിലായിരുന്നു. അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയില്‍ ആയിരുന്നു. അമ്മയുടെ മൃതദേഹം വെള്ളത്തുണികൊണ്ട് പുതച്ച് അതിന്മേല്‍ പൂക്കള്‍ വിതറിയ നിലയിലായിരുന്നു. സമീപത്ത് ഒരു കുടുംബ ഫോട്ടോയും ഹിന്ദിയിലുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അമ്മ ശകുന്തള അഗര്‍വാളിന്റെ മരണം എങ്ങനെ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മാത്രമേ മനസിലാക്കാന്‍ പറ്റുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)