NEWSROOM

സ്ഥിര നിയമനമെന്ന വാഗ്ദാനം പാലിച്ചില്ല; ഡൽഹി സർക്കാരിന് തലവേദനയായി ഗസ്റ്റ് അധ്യാപകരുടെ സമരം

ഇരുപതിനായിരം രൂപ ശമ്പളത്തിൽ 14 വർഷമായി ജോലി ചെയ്യുന്ന ഗസ്റ്റ് അധ്യാപകരടക്കമാണ് സ്ഥിരപ്പെടുത്തൽ എന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുള്ളത്

Author : ന്യൂസ് ഡെസ്ക്

ഡൽഹി സർക്കാരിന് തലവേദനയായി ഗസ്റ്റ് അധ്യാപകരുടെ സമരം. ജോലി സ്ഥിരപ്പെടുത്താമെന്ന ആം ആദ്മി പാർട്ടിയുടെ വാഗ്ദാനം പാലിച്ചിലെന്നാരോപിച്ചാണ് പ്രതിഷേധം. അടുത്ത വർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗസ്റ്റ് അധ്യാപകർ പ്രതിഷേധവുമായി രംഗത്ത് വന്നത് ആം ആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

ഡൽഹിയിൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം കൊണ്ട് വന്നുവെന്ന് ആം ആദ്മി പാർട്ടി അവകാശപ്പെടുമ്പോഴാണ് ഗസ്റ്റ് അധ്യാപകർ പ്രതിഷേധവുമായി രംഗത്ത് വരുന്നത്. ഇരുപതിനായിരം രൂപ ശമ്പളത്തിൽ 14 വർഷമായി ജോലി ചെയ്യുന്ന ഗസ്റ്റ് അധ്യാപകരടക്കമാണ് സ്ഥിരപ്പെടുത്തൽ എന്ന ആവശ്യവുമായി രംഗത്ത് വന്നിട്ടുള്ളത്. ആം ആദ്മി പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഗസ്റ്റ് അധ്യാപകരുടെ സ്ഥിരനിയമനം. എന്നാൽ ഈ വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

ആം ആദ്മി പാർട്ടി ഓഫീസിലെത്തിയ ഗസ്റ്റ് അധ്യാപകർ തങ്ങളുടെ ആവശ്യങ്ങളടങ്ങിയ നിവേദനം നൽകി. മുഖ്യമന്ത്രി അതിഷിക്കും നിവേദനം നൽകുമന്നും സംഘടനാ നേതാക്കൾ അറിയിച്ചു. ഗസ്റ്റ് അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വൻ സമര പരിപാടികളിലേക്ക് കടക്കാനാണ് ഗസ്റ്റ് അധ്യാപകരുടെ തീരുമാനം.

SCROLL FOR NEXT