ബലാത്സംഗക്കേസിൽ പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവവും ദേരാ സച്ചാ സൗദാ തലവനുമായ ഗുർമീത് റാം റഹീം സിങ്ങിന് സുപ്രീം കോടതിയില്‍ തിരിച്ചടി. 2015-ല്‍ ബർഗരിയില്‍ മതഗ്രന്ഥങ്ങള്‍ അശുദ്ധമാക്കിയതിന്‍റെ പേരിലുള്ള മതനിന്ദാ കേസുകളില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചുമത്തിയ സ്‌റ്റേ സുപ്രീം കോടതി നീക്കി.
സിഖ് വംശജരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിനെ അവഹേളിച്ചത് അടക്കമുള്ള മൂന്ന് കേസുകളിൽ റാം റഹീമിൻ്റെ വിചാരണ സ്തംഭിപ്പിച്ചിരുന്ന നിയമപരമായ തടസമാണ് ഇതോടെ നീങ്ങുന്നത്. ജസ്റ്റിസ് ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചിന്‍റേതാണ് നടപടി. നാല് ആഴ്ചക്കകം മറുപടി നല്‍കാനും റാം റഹീമിന് ബെഞ്ച് നിർദേശം നല്‍കി.
പഞ്ചാബിലെ ഫരീദ്‌കോട്ട് ജില്ലയിലെ ബർഗരി പ്രദേശത്ത് നിന്നും 2015ൽ ഗുരു ഗ്രന്ഥ സാഹിബ് മോഷ്ടിക്കുകയും വിശുദ്ധ ഗ്രന്ഥത്തെ അവഹേളിക്കുകയും ചെയ്തുവെന്നതാണ് ഗുർമീതിനെതിരെയുള്ള കേസ്. ഇത് ഗുർമീതിനെതിരെ സിഖ് സമൂഹത്തിനിടയില്‍ വലിയ രോഷം വളരാന്‍ കാരണമായി തീർന്നിരുന്നു. ഈ വർഷം ആദ്യമാണ് പഞ്ചാബ്, ഹരിയാന, ഹൈക്കോടതി ഗുർമീതിനെതിരെയുള്ള മൂന്ന് മതനിന്ദ കേസുകളില്‍ തുടർനടപടികള്‍ സ്റ്റേ ചെയ്തത്. മാർച്ചില്‍ വന്ന ഈ വിധി പഞ്ചാബ് സർക്കാർ ചോദ്യം ചെയ്തതാണ് വിഷയം സുപ്രീം കോടതിയില്‍ എത്തിച്ചത്.
Also Read: തെരഞ്ഞെടുപ്പുകാലത്ത് ജയിലില്‍ നിന്നിറങ്ങുന്ന ഗുര്‍മീത് റാം; പരോളിന്റെ രാഷ്ട്രീയ നേട്ടം ആർക്ക്?
ബലാത്സംഗ, കൊലപാതക കേസുകളില്‍ 20 വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട ഗുര്‍മീത്, ഏഴ് വര്‍ഷമായി രോഹ്തക്കിലെ സുനാരിയ ജയിലിലാണ്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഒക്ടോബർ ഒന്നിന് ഗുര്‍മീത് റാം റഹീമിന് പരോള്‍ ലഭിച്ചിരുന്നു. ജയില്‍ വാസത്തിനിടെ 15 തവണയാണ് ഗുർമീതിനു പരോള്‍ അനുവദിച്ചത്. പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോഴൊക്കെ ഈ സ്വയം പ്രഖ്യാപിത ആള്‍ ദൈവം ജയിലിനു പുറത്തായിരുന്നു.