NEWSROOM

അന്വേഷണവുമായി സഹകരിച്ചില്ല; വാട്‌സ്ആപ്പ് ഡയറക്ടർമാർക്കെതിരെ കേസെടുത്ത് ഗുരുഗ്രാം പൊലീസ്

അന്വേഷണവുമായി ബന്ധപ്പെട്ട മൂന്ന് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതാണ് കേസിന് ആധാരം

Author : ന്യൂസ് ഡെസ്ക്



അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടർന്ന് വാട്‌സ്ആപ്പ് ഡയറക്ടർമാർക്കെതിരെ കേസെടുത്ത് ഗുരുഗ്രാം പൊലീസ്. സൈബർ പൊലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്ടറുടെ പരാതിയിലാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട മൂന്ന് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതാണ് കേസിന് ആധാരം. വാട്‌സ്ആപ്പ് ഡയറക്ടർമാർക്കും നോഡൽ ഓഫീസർമാർക്കുമെതിരെയാണ് കേസ്.

ഒരു പൊതുപ്രവർത്തകൻ പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാതിരിക്കുക, നിയമപരമായ ശിക്ഷയിൽ നിന്ന് ഒരു കുറ്റവാളിയെ സംരക്ഷിക്കുക, തെളിവായി ഹാജരാക്കേണ്ട ഏതെങ്കിലും രേഖയോ ഇലക്ട്രോണിക് രേഖകളോ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് കേസിൽ ചുമത്തിയിരിക്കുന്നത്.

ALSO READ: "പാകിസ്താൻ്റെ ദുഷ്‌പ്രവൃത്തികൾ ഇന്ത്യയെ സാരമായി ബാധിക്കുന്നു"; ഷഹ്ബാസ് ഷെരീഫിൻ്റെ പ്രസംഗത്തിന് മറുപടി നൽകി എസ്. ജയശങ്കർ

ഒരു അന്വേഷണത്തിൻ്റെ ഭാഗമായി പ്രതികൾ ഉപയോഗിച്ചിരുന്ന നാല് നമ്പറുകളുടെ വിവരങ്ങൾ ഗുരുഗ്രാം പൊലീസ് വാട്‌സ്ആപ്പിനോട് ആവശ്യപ്പെട്ടു. ഇതിനായി പൊലീസ് ജൂലായ് 17ന് വാട്‌സ്ആപ്പിലേക്ക് ഇമെയിൽ വഴി ഒരു അറിയിപ്പ് നൽകിയിരുന്നു. എന്നാൽ കമ്പനി വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു. ജൂലൈ 25 ന്, നിർദിഷ്ട മൊബൈൽ നമ്പറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന ആവശ്യം ആവർത്തിച്ചുകൊണ്ട് പൊലീസ് വീണ്ടും കമ്പനിക്ക് കത്തയച്ചു. ഈ അന്വേഷണത്തിൽ വാട്‌സ്ആപ്പിൻ്റെ സഹകരണം അത്യാവശ്യമാണെന്നായിരുന്നു പൊലീസ് അടിവരയിട്ട് പറഞ്ഞത്.

എന്നാൽ വാട്‌സ്ആപ്പ് വിവരങ്ങൾ കൈമാറിയില്ലെന്ന് പരാതിയിൽ പറയുന്നു. വിഷയം അത്രയേറെ ഗൗരവമാണെന്നും ഉടനടി നടപടിയെടുക്കണമെന്നും വ്യക്തമായി പ്രസ്താവിച്ചിട്ടും വാട്‌സ്ആപ്പിൻ്റെ ഭാഗത്ത് നിന്നും അനുയോജ്യനീക്കങ്ങൾ ഉണ്ടായില്ല. ഓഗസ്റ്റിൽ നിയമപരമായ അഭ്യർത്ഥനയും കമ്പനി നിരസിച്ചതായി പൊലീസ് പറയുന്നു. ഈ വിസമ്മതം നിയമപരമായ ബാധ്യതകളെ അവഗണിക്കുന്ന പ്രവൃത്തിയാണെന്നും പോലീസ് പരാതിയിൽ വ്യക്തമാക്കി. വിഷയത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വിവധ വകുപ്പുകൾ പ്രകാരവും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും പൊലീസ് കേസെടുത്തിട്ടുണ്ട്.


SCROLL FOR NEXT