ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ ഏകാദശി ദിവസം ഉദയാസ്തമന പൂജ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തള്ളി. ദേവസ്വം മാനേജിങ് കമ്മിറ്റിയുടെ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഉദയാസ്തമന പൂജ വഴിപാട് മാത്രമാണെന്ന തന്ത്രിയുടെ അഭിപ്രായത്തിലും ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഗുരുവായൂർ ദേവസ്വത്തിന്‍റേത് ഏകപക്ഷീയ നടപടിയാണെന്നടക്കം ചൂണ്ടിക്കാട്ടി തൃശൂർ പുഴക്കര ചേന്നാസ് മനയിലെ പി.സി. ഹരി അടക്കമുള്ളവർ നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
വൃശ്ചികമാസത്തിലെ ഉദയാസ്തമന പൂജ തുലാമാസത്തിലെ ഏകാദശി ദിവസം നടത്താനാകുമെന്ന തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്‍റെ ഉപദേശം സ്വീകരിച്ചാണ് നടപടിയെന്ന് ദേവസ്വം വിശദീകരിച്ചിരുന്നു. വൃശ്ചിക മാസത്തിലെ ഏകാദശിക്ക് വലിയ ഭക്തജനത്തിരക്കാണ്. ഉദയാസ്തമന പൂജ വഴിപാട് മാത്രമാണ്. പൂജ മാറ്റുന്നതിൽ ദേവഹിതം നോക്കിയതായും ദേവസ്വം അറിയിച്ചു.