NEWSROOM

"അര കിലോമീറ്ററോളം ഓടി, കാർ ഒന്ന് നിർത്തിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു"; മുംബൈ കാറപകടത്തിൽ മരിച്ച യുവതിയുടെ ഭർത്താവ്

രാവിലെ മീൻ വാങ്ങി വീട്ടിലേക്ക് മടങ്ങിയ മത്സ്യവിൽപ്പനക്കാരായ പ്രദീപ് നഖ്‌വയും കാവേരി നഖ്‌വയും സഞ്ചരിച്ച വാഹനത്തിന് പിന്നിൽ അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്

മുംബൈ വര്‍ളിയില്‍ അമിത വേഗതയില്‍ എത്തിയ ശിവസേനാ നേതാവിന്റെ കാറിടിച്ച് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഭർത്താവ് പ്രദീപ് നഖ്‌വ. അമിതവേഗതയിൽ വന്ന കാറിനെ അര കിലോമീറ്ററോളം പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ലെന്നും പ്രതി കാർ നിർത്തിയിരുന്നെങ്കിൽ കാവേരിയുടെ ജീവൻ രക്ഷിക്കാമായിരുന്നെന്നും പ്രദീപ് പറഞ്ഞു.

മനുഷ്യത്വം തൊട്ടുതീണ്ടാത്ത സംഭവമായിരുന്നു കഴിഞ്ഞ ദിവസം മുംബൈയിൽ അരങ്ങേറിയത്. രാവിലെ മീൻ വാങ്ങി വീട്ടിലേക്ക് മടങ്ങിയ മത്സ്യവിൽപ്പനക്കാരായ പ്രദീപ് നഖ്‌വയും കാവേരി നഖ്‌വയും സഞ്ചരിച്ച വാഹനത്തിന് പിന്നിൽ അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിക്കുകയായിരുന്നു. പ്രദീപ് നിലത്ത് വീണെങ്കിലും വേഗത്തിലെത്തിയ കാർ കാവേരിയെ വലിച്ച് കൊണ്ടുപോവുകയായിരുന്നു. തൻ്റെ ഭാര്യയെ കൊണ്ടുപോയ കാറിന് പിന്നാലെ അര കിലോമീറ്ററോളം പ്രദീപ് ഓടിയെങ്കിലും കാവേരിയുടെ ശരീരം കണ്ടെത്താനായില്ല. ഒടുവിൽ ബാന്ദ്ര-വർളി കടൽത്തീരത്ത് നിന്നാണ് കാവേരിയുടെ മൃതശരീരം ലഭിച്ചത്.

"ഞാൻ അര കിലോമീറ്ററോളം കാറിന് പിന്നിൽ ഓടി, പക്ഷേ മൃതദേഹം കണ്ടെത്താനായില്ല. ഞാൻ കരഞ്ഞു, നിലവിളിച്ചു, പക്ഷേ അവൻ നിർത്തിയില്ല. അവൻ ഒരു നിമിഷം കാർ നിർത്തിയിരുന്നെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു" പ്രദീപ് എൻഡിടിവിയോട് പറഞ്ഞു.

ഏക്നാഥ് ഷിൻഡെ വിഭാ​ഗം നേതാവായ രാജേഷ് ഷായുടെ മകൻ മിഹിർ ഷാ ഓടിച്ച കാറിടിച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായി സംശയമുള്ളതായും പൊലീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രതിയെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് അറിയിച്ചു. ഷായുടെ അമ്മയും രണ്ട് സഹോദരിമാരുമടക്കം 12 പേര്‍ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുണ്ട്. അമ്മയും സഹോദരിമാരും ചേര്‍ന്നാണ് ഷായെ രക്ഷപ്പെടാന്‍ സഹായിച്ചതെന്ന സംശയത്തിലാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അപകടം നടന്ന് 72 മണിക്കൂറുകള്‍ക്ക് ശേഷമാണ് മിഹിര്‍ ഷായുടെ അറസ്റ്റ്.

SCROLL FOR NEXT