NEWSROOM

സല്‍മാന്‍ റുഷ്ദിക്കു നേരെയുണ്ടായ വധശ്രമം; പ്രതി ഹാദി മാതറിന് 25 വര്‍ഷം തടവ് ശിക്ഷ

2022 ആഗസ്റ്റ് 22ന് ന്യൂയോര്‍ക്കില്‍വെച്ചുനടന്ന ഒരു സാഹിത്യപരിപാടിക്കിടെയാണ് റുഷ്ദി ആക്രമിക്കപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ച കേസില്‍ പ്രതി ഹാദി മാതറിന് 25 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ഓഗസ്റ്റില്‍ സാഹിത്യ വേദിയില്‍ വച്ചാണ് ഹാദി മതര്‍ സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചത്.

ആക്രമണത്തില്‍ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. വിധി കേള്‍ക്കാന്‍ സല്‍മാന്‍ റുഷ്ദി കോടതിയില്‍ എത്തിയിരുന്നില്ല. കേസിലെ പ്രധാന സാക്ഷിയും റുഷ്ദിയായിരുന്നു.


2022 ആഗസ്റ്റ് 22ന് ന്യൂയോര്‍ക്കില്‍വെച്ചുനടന്ന ഒരു സാഹിത്യപരിപാടിക്കിടെയാണ് റുഷ്ദി ആക്രമിക്കപ്പെട്ടത്. കഴുത്തിലും മുഖത്തിലുമടക്കം ശരീരത്തില്‍ പലയിടത്തായി 15 തവണയാണ് അക്രമി കുത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്നു റുഷ്ദി. ഇസ്ലാമിനെ ആക്രമിക്കുന്ന റുഷ്ദിയോടുള്ള വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു യുഎസ്-ലബനന്‍ ഇരട്ട പൗരത്വമുള്ള ഹാദി മാതറിന്റെ മൊഴി.

25 വര്‍ഷം തടവ് ശിക്ഷയ്ക്കു പുറമെ, വേദിയിലുള്ള ഒരാളെ പരിക്കേല്‍പ്പിച്ചതിന് ഏഴ് വര്‍ഷവും ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുവദിക്കണം.



വധശ്രമത്തെ കുറിച്ച് 'നൈഫ്: മെഡിറ്റേഷന്‍സ് ആഫ്റ്റര്‍ ആന്‍ അറ്റംപ്റ്റഡ് മര്‍ഡര്‍' എന്ന പേരില്‍ റുഷ്ദി പിന്നീട് പുസ്തകം എഴുതിയിരുന്നു.


മുന്‍പ് റുഷ്ദിയുടെ നാലാമത്തെ നോവലായ സാത്താനിക് വേഴ്‌സസ് പുറത്തിറങ്ങിയതിന് പിന്നാലെയും വധശ്രമം ഉണ്ടായിരുന്നു. 1988 സെപ്റ്റംബറിലാണ് നോവല്‍ പുറത്തിറങ്ങിയത്. ഇന്ത്യയടക്കം ഇരുപത് രാജ്യങ്ങളില്‍ പുസ്തകം നിരോധിച്ചിരുന്നു. 1989 ല്‍ റുഷ്ദിയെ വധിക്കാന്‍ ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള റൂഹോള ഖൊമേനി ഫത്വയും പുറത്തിറക്കി. പുസ്തകം എഴുതിയ ആളെ മാത്രമല്ല, പുറത്തിറക്കിയവരേയും വധിക്കണമെന്നായിരുന്നു ആഹ്വാനം. 1998 ലാണ് ഇറാന്‍ ഫത്വ ഔദ്യോഗികമായി പിന്‍വലിച്ചത്. സാത്താനിക് വേഴ്‌സസിന് ഇന്ത്യയില്‍ പ്രഖ്യാപിച്ച വിലക്ക് മൂന്ന് പതിറ്റാണ്ടിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് നീക്കിയത്.

SCROLL FOR NEXT