കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച നടന്‍ സോനു സൂദിനെതിരെ ഭാരതീയ ജനതാ പാര്‍ട്ടി എംപി കങ്കണ റണാവത്ത്. കന്‍വാര്‍ യാത്ര മാര്‍ഗത്തിലെ ഭക്ഷണശാലകളില്‍ ഉടമസ്ഥന്‍റെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നിര്‍ദേശത്തെയാണ് സോനു സൂദ് വിമര്‍ശിച്ചത്. എക്‌സ് പോസ്റ്റിലൂടെയാണ് സോനു സൂദ് വിമര്‍ശനം അറിയിച്ചത്. ഇതിനെതിരെയാണ് കങ്കണ റണാവത്ത് രംഗത്ത് വന്നത്.
കടകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടത് 'മനുഷ്യത്വം' എന്ന ബോര്‍ഡാണ് എന്നായിരുന്നു സോനു സൂദിന്‍റെ പോസ്റ്റ്. ഈ പോസ്റ്റിനെ ചോദ്യം ചെയ്ത കങ്കണ ഹലാല്‍ എന്നതും മനുഷ്യത്വമെന്ന് മാറ്റണമെന്ന് മറുപടി പോസ്റ്റിടുകയായിരുന്നു. യുപി സര്‍ക്കാരിന്‍റെ നടപടിയെ അനുകൂലിക്കുന്നവര്‍ സോനു സൂദിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ഇതിനു മുന്‍പ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നിര്‍ദേശത്തെ തിരക്കഥാകൃത്തും പാട്ടെഴുത്തുകാരനുമായ ജാവേദ് അക്തറും വിമര്‍ശിച്ചിരുന്നു. നാസി ജര്‍മനിയില്‍ കടകള്‍ക്കും വീടുകള്‍ക്കും അടയാളങ്ങളിട്ടിരുന്നുവെന്ന് ഒര്‍മിപ്പിച്ചുകൊണ്ടായിരുന്നു ജാവേദ് അക്തറിന്‍റെ എക്‌സ് പോസ്റ്റ്.
ജൂലൈ 22നു നടക്കുന്ന ശിവഭക്തരുടെ വാര്‍ഷിക തീര്‍ഥാടനമായ കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ടാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇത്തരത്തിലൊരു ഉത്തരവിറക്കിയത്. ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റാല്‍ നടപടിയുണ്ടാകുമെന്നും പൊലീസ് നിര്‍ദേശമുണ്ടായിരുന്നു.