പകുതി വില തട്ടിപ്പിന് മലപ്പുറത്ത് കുടുംബശ്രീ വഴിയും പ്രചാരണം നടന്നതിൻ്റെ തെളിവുകൾ ന്യൂസ് മലയാളത്തിന്. എൻജിഒ കോൺഫെഡറേഷൻ്റെ പകുതി നിരക്കിലുള്ള സ്കൂട്ടറും ലാപ്ടോപ്പും ലഭിക്കുന്നത് ഉപയോഗപ്പെടുത്താൻ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർക്ക് ഔദ്യോഗികമായ കത്താണ് ജില്ല കോ-ഓഡിനേറ്റർ നൽകിയത്. നിലമ്പൂർ ആസ്ഥാനമായുള്ള ജെഎസ്എസ് എന്ന സമിതി വഴി പണം നൽകിയാൽ മതി എന്നും കത്തിലുണ്ട്. സർക്കാർ നിയന്ത്രണത്തിലുള്ള കുടുംബശ്രീ കോടികൾ തട്ടിയ എൻജിഒ കോൺഫെഡറേഷൻ്റെ പകുതി വില ആനുകൂല്യത്തിൻ്റെ പ്രചാരകരായതിൽ ദുരൂഹത തുടരുന്നു.
അതേസമയം, പകുതി വില തട്ടിപ്പ് കേസിൽ തിരുവനന്തപുരം പ്രസ് ക്ലബ് മുൻ സെക്രട്ടറി കെ. എൻ. സാനുവിൻ്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. കൻ്റോൺമെൻ്റ് പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ. എൻ. സാനു പറഞ്ഞു. മന്ത്രി വി. ശിവൻകുട്ടിയ്ക്ക് പദ്ധതിയെ കുറിച്ച് അറിവില്ലായിരുന്നുവെന്നും മന്ത്രിയെ പെടുത്താനുള്ള ശ്രമമാണ് ഉണ്ടായതെന്നും സാനു മൊഴി നൽകി. തട്ടിപ്പുകാരനാണെന്ന് ബോധ്യപ്പെട്ടിട്ടും ഭരണ സമിതി പരാതി നൽകിയില്ലെന്ന് മൊഴിയിൽ കെ.എൻ. സാനു പറഞ്ഞു. തട്ടിപ്പ് തിരുവനന്തപുരം പ്രസ് ക്ലബ് ഒളിച്ചു വച്ചെന്നും മുൻ സെക്രട്ടറി പൊലീസിൽ മൊഴി നൽകി.
തട്ടിപ്പിൽ പൊതു പ്രവർത്തകർക്ക് സംഭാവനയായി നൽകിയ പണം പോയ വഴിയെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് ക്രൈം ബ്രാഞ്ചിന് നിർദേശം ലഭിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് നിർദേശം നൽകിയത്. സായിഗ്രാം ആനന്ദകുമാറിനെ ഉടൻ അറസ്റ്റ് ചെയ്യേണ്ട എന്നും തീരുമാനമായിട്ടുണ്ട്. ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കും വരെ അറസ്റ്റ് വേണ്ടെന്നാണ് നിലപാട്.
പകുതി വില തട്ടിപ്പ് കേസിൽ ഇഡി കേസ് രജിസ്റ്റർ ചെയ്തു. ഇഡി കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രധാനമന്ത്രിയുടെ ചിത്രം അടക്കം ദുരുപയോഗം ചെയ്തെന്ന ഐബി റിപ്പോർട്ടിന് പിന്നാലെയാണ് നടപടിയെടുത്തിരിക്കുന്നത്. കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നതുവരെ കാക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചാണ് ഇഡി നീക്കം.