എ.എൻ. രാധാകൃഷ്ണന്‍, പരാതിക്കാരി ഗീത 
NEWSROOM

പകുതിവില തട്ടിപ്പ്: 'ബിജെപി പ്രവർത്തകർ വീട്ടിലെത്തി പണം തിരികെ നൽകി'; എ.എൻ. രാധാകൃഷ്ണനെതിരായ പരാതി പിൻവലിച്ചതായി പരാതിക്കാരി

എ.എൻ. രാധാകൃഷ്ണനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും ദയവായി പിൻമാറണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടതായാണ് പരാതിക്കാരി പറയുന്നത്

Author : ന്യൂസ് ഡെസ്ക്

പകുതിവില തട്ടിപ്പിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന് എതിരായ പരാതി പിൻവലിച്ച് പരാതിക്കാരി ഗീത. ബിജെപി പ്രവർത്തകർ വീട്ടിലെത്തി ഒരു ലക്ഷം രൂപ നൽകിയെന്ന് പരാതിക്കാരി അറിയിച്ചു. പ്രാദേശിക ബിജെപി നേതാക്കൾ വിളിച്ച് പരാതിയിൽ നിന്ന് പിൻമാറാൻ അപേക്ഷിച്ചതായും പരാതിക്കാരി പറഞ്ഞു.


എ.എൻ. രാധാകൃഷ്ണനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും ദയവായി പിൻമാറണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടതായാണ് പരാതിക്കാരി പറയുന്നത്. പരാതി നൽകിയത് കൊണ്ടാണ് പണം തിരികെ കിട്ടിയതെന്നും ​ഗീത പറഞ്ഞു. എ.എന്‍. രാധാകൃഷ്ണന്‍ പണം വാങ്ങി കബളിപ്പിച്ചതായാണ് എടത്തല സ്വദേശി ഗീത പരാതിപ്പെട്ടത്. വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ലെന്നും പരാതിക്കാരി ന്യൂസ് മലയാളത്തോട് പറഞ്ഞു.

എ.എന്‍. രാധാകൃഷ്ണന്‍ 2024 മാര്‍ച്ച് 10-ാം തീയതി കുഞ്ചാട്ടുകര ദേവി ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടത്തിയത്. പകുതി വിലയ്ക്ക് വണ്ടി കിട്ടുമെന്ന് പറഞ്ഞുകേട്ടാണ് അവിടെ എത്തിയതെന്നും പരാതിക്കാരി പറയുന്നു. ബുക്കിങ് കഴിഞ്ഞ് പത്ത് നൂറ് പേരുടെ കയ്യില്‍ നിന്ന് പണം വാങ്ങി. 90 ദിവസത്തിനുള്ളില്‍ വാഹനം കിട്ടുമെന്നാണ് പറഞ്ഞത്. എന്നാല്‍, അത്രയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും വണ്ടി കിട്ടിയില്ല. പല സ്ഥലങ്ങളിലും ഇതിന് വേണ്ടി കയറിയിറങ്ങി. പെരുമ്പാവൂര്‍, പൊന്നുരുന്നി, ഏലൂര്‍ തുടങ്ങി പല സ്ഥലങ്ങളിലും ടോക്കണ്‍ തരാനെന്നും മറ്റും പറഞ്ഞ് കൊണ്ടു പോയിട്ടുണ്ടെന്നുമാണ് പരാതിക്കാരി പറഞ്ഞത്.

SCROLL FOR NEXT