എ.എൻ. രാധാകൃഷ്ണന്‍ 
NEWSROOM

പകുതിവില തട്ടിപ്പ്: 'പണം വാങ്ങി ഒരു വർഷം പിന്നിട്ടിട്ടും സ്കൂട്ടർ നൽകിയില്ല'; എ.എൻ. രാധാകൃഷ്ണനെതിരെ വീണ്ടും പരാതി

ബിജെപി പ്രവർത്തകർ വീട്ടിലെത്തി ഒരു ലക്ഷം രൂപ നൽകിയാണ് ​മുന്‍പ് വന്ന പരാതി ഒത്തുതീർപ്പാക്കിയത്

Author : ന്യൂസ് ഡെസ്ക്

പകുതിവില തട്ടിപ്പിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനെതിരെ വീണ്ടും പരാതി. പണം വാങ്ങി ഒരു വർഷം പിന്നീട്ടിട്ടും സ്കൂട്ടർ നൽകിയില്ലെന്നാണ് ആലുവ സ്വദേശി ശ്രീജയുടെ പരാതി. പ്രധാനമന്ത്രിയുടെ പദ്ധതിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചെന്നു കാട്ടി എടത്തല പൊലീസിലാണ് ശ്രീജ പരാതി നൽകിയിരിക്കുന്നത്.

ഇന്നലെയും പകുതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് എ.എൻ. രാധാകൃഷ്ണനെതിരെ പരാതി വന്നിരുന്നു. ബിജെപി നേതാക്കൾ ചേർന്ന് പണം തിരികെ നൽകി പരാതി ഒത്ത് തീർപ്പാക്കുകയായിരുന്നു. എ.എന്‍. രാധാകൃഷ്ണന്‍ പണം വാങ്ങി കബളിപ്പിച്ചതായി എടത്തല സ്വദേശി ഗീതയാണ് പരാതിപ്പെട്ടത്. വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാറില്ലെന്നും പരാതിക്കാരി ന്യൂസ് മലയാളത്തോട് പറഞ്ഞു. 2024 മാര്‍ച്ച് പത്താം തീയതി കുഞ്ചാട്ടുകര ദേവി ഓഡിറ്റോറിയത്തില്‍ വെച്ചാണ് എ.എന്‍. രാധാകൃഷ്ണന്‍ പരിപാടി നടത്തിയത്. പകുതി വിലയ്ക്ക് വണ്ടികിട്ടുമെന്ന് പറഞ്ഞുകേട്ടാണ് അവിടെ എത്തിയതെന്നാണ് ​ഗീത പറയുന്നത്. ബുക്കിങ് കഴിഞ്ഞ് പത്ത് നൂറ് പേരുടെ കയ്യില്‍ നിന്ന് പണം വാങ്ങി. 90 ദിവസത്തിനുള്ളില്‍ വാഹനം കിട്ടുമെന്നാണ് പറഞ്ഞത്. എന്നാല്‍ അത്രയും ദിവസം കഴിഞ്ഞിട്ടും വണ്ടി കിട്ടിയില്ലെന്നുമായിരുന്നു ​ഗീതയുടെ ആരോപണം.

ബിജെപി പ്രവർത്തകർ വീട്ടിലെത്തി ഒരു ലക്ഷം രൂപ നൽകിയാണ് ​ഗീതയുടെ പരാതി ഒത്തുതീർപ്പാക്കിയത്. പ്രാദേശിക ബിജെപി നേതാക്കൾ വിളിച്ച് പരാതിയിൽ നിന്ന് പിൻമാറാൻ അപേക്ഷിച്ചതായും ​ഗീത പറഞ്ഞു. എ.എൻ. രാധാകൃഷ്ണനെതിരെ ആരും പരാതി നൽകിയിട്ടില്ലെന്നും ദയവായി പിൻമാറണമെന്നും ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടതായാണ് ​ഗീത പറയുന്നത്. ​ഗീത പരാതി പിൻവലിച്ചതിനു പിന്നാലെയാണ് ആലുവ സ്വദേശി ശ്രീജ പരാതിയുമായി മുന്നോട്ട് വന്നത്.

അതേസമയം, പകുതി വില തട്ടിപ്പ് കേസില്‍ പൊലീസില്‍ പരാതി വന്നതോടെ എ.എന്‍. രാധാകൃഷ്ണനെതിരെ ബിജെപിയിൽ അമർഷം ഉയർന്നിട്ടുണ്ട്. പണം നല്‍കി പരാതിയില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടതും ഇതിന് കാരണമായി. ഒരു വിഭാഗം എ.എന്‍. രാധാകൃഷ്ണനെതിരെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കുമെന്നും സൂചനയുണ്ട്.

SCROLL FOR NEXT