വടക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസിൻ്റെ സായുധ വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡുകളുടെ തലവനായ സയീദ് അത്തള്ള കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വടക്കൻ ലബനൻ നഗരമായ ട്രിപ്പോളിയിലെ പലസ്തീൻ അഭയാർഥി ക്യാമ്പിലാണ് ഇസ്രയേൽ ആക്രമണം നടത്തിയയത്. അതേസമയം ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
അതേസമയം, ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഒറ്റരാത്രി കൊണ്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 127 കുട്ടികളും 261 സ്ത്രീകളും ഉൾപ്പെടെ ഇതുവരെ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 പേരുടെ മരണത്തിനിടയാക്കിയ അധിനിവേശ വെസ്റ്റ്ബാങ്ക് അഭയാർത്ഥി ക്യാമ്പിന് നേരെ ഇന്നലെ ഇസ്രയേൽ നടത്തിയ ജെറ്റ് ഫൈറ്റർ ആക്രമണത്തിൽ മരിച്ചവരിൽ തുൽക്കറെമിലെ തങ്ങളുടെ കമാൻഡറും ഉൾപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. ഹിസ്ബുള്ളയുടെ കെട്ടിടങ്ങൾ ആക്രമിക്കുകയാണെന്നും ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശത്തുള്ളവർ പ്രദേശം വിട്ടുപോകണമെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്.
ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ടെഹ്‌റാനിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കു ശേഷം അനുയായികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ച് വർഷത്തിനിടെ ഖമേനിയുടെ ആദ്യ പൊതു പ്രസംഗമാണ് കഴിഞ്ഞദിവസം നടന്നത്. മുസ്ലീം രാഷ്ട്രങ്ങൾക്ക് പൊതു ശത്രു ഉണ്ടെന്നും അതിനെ ഒറ്റക്കെട്ടായി നേരിടണമെന്നുമാണ് ഖമേനി പറഞ്ഞത്. മുസ്ലീം രാജ്യങ്ങള്‍ ഇസ്രയേല്‍ ബന്ധം ഉടന്‍ അവസാനിപ്പിക്കണം. മുസ്ലീങ്ങൾ ഒന്നിച്ചാൽ ശത്രുക്കളെ മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: "ഇതെല്ലാം രക്തദാഹിയായ ചെന്നായയെ ഇല്ലാതാക്കും"; മിസൈൽ ആക്രമണങ്ങൾ പൊതുസേവനം, ഇസ്രയേൽ ജയിക്കില്ല: ഖമേനി
ഇറാനിൻ്റെ ശത്രു ഇറാഖി, ലെബനീസ്, ഈജിപ്ഷ്യൻ രാഷ്ട്രങ്ങളുടെയും ശത്രുവാണ്. ഇസ്രയേലിന് നേരെ നടത്തിയ മിസൈൽ ആക്രമണങ്ങൾ പൊതുസേവനമാണ്. ഇസ്രയേൽ ഒരു തരത്തിലും ഹമാസിനെയോ ഹിസ്ബുള്ളയേയോ വിജയിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്രയേൽ ഭരണകൂടം ചെയ്ത കുറ്റകൃത്യങ്ങളെ അപലപിക്കുന്നു. രാജ്യവും പ്രദേശവും സംരക്ഷിക്കാൻ എല്ലാ രാജ്യങ്ങൾക്കും അവകാശമുണ്ട്. ഇറാന്റെ ഇസ്രയേൽ വിരുദ്ധ ഓപ്പറേഷനുകൾ നിയമപരമാണെന്നും ഖമേനി പറഞ്ഞു.