ഗാസയിൽ തടവിലാക്കിയ മൂന്ന് ഇസ്രായേലി തടവുകാരെ ഹമാസ് മോചിപ്പിച്ചു. വെടിനിർത്തൽ കരാറിൻ്റെ ഭാഗമായുള്ള ഒന്നാംഘട്ടത്തിലെ അഞ്ചാമത്തെ ബന്ദിമോചനമാണിത്. എലി ഷരാബി, ഓർ ലെവി, ഒഹാദ് ബെൻ ആമി എന്നീ മൂന്ന് ബന്ദികളെയാണ് റെഡ് ക്രോസ് വഴി ഹമാസ് ഇസ്രയേലിന് കെെമാറിയത്. മധ്യഗാസയിലെ ദെയ്ർ അൽ-ബലാഹ് വഴിയായിരുന്നു കെെമാറ്റം.
പകരം, 18 ജീവപര്യന്തം തടവുകാരുള്‍പ്പെടെ 183 പലസ്തീനി തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. 33 ബന്ദികളെ കെെമാറുന്ന ആദ്യഘട്ടത്തില്‍ ഇതുവരെ അഞ്ച് തായ് പൗരന്മാരടക്കം, 21 ബന്ദികളാണ് മോചിപ്പിക്കപ്പെട്ടത്. 2,000 പലസ്തീൻ തടവുകാരില്‍ 766 പേരെ ഇസ്രയേലും വിട്ടയച്ചു.
2023 ഒക്ടോബർ 7ന് കിബ്ബുട്സ് ബീരിയിൽ നിന്ന് ബന്ദികളാക്കപ്പെട്ടവരാണ് ഒഹാദ് ബെൻ ആമിയും എലി ഷറാബിയും. നോവ സംഗീത പരിപാടിയില്‍ നിന്നാണ് ഓർ ലെവി ഹമാസിന്‍റെ പിടിയിലാകുന്നത്. അന്നത്തെ ആക്രമണത്തില്‍ ലെവിയുടെ പങ്കാളി ഈനവ് കൊല്ലപ്പെട്ടിരുന്നു. ഇവരുടെ മൂന്ന് വയസുകാരനായ മകന്‍ ദീർഘകാലമായി ലെവിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലാണ് ഉണ്ടായിരുന്നത്.
അതേസമയം, വെടിനിർത്തലിന്റെ രണ്ടാം ഘട്ട ചർച്ചകൾ ഇസ്രയേലും ഹമാസും ആരംഭിച്ചോ എന്നത് വ്യക്തമല്ല. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും വെടിനിർത്തൽ അനിശ്ചിതമായി നീട്ടാനുമാണ് രണ്ടാം ഘട്ട ചർച്ചകൾ ആവശ്യപ്പെടുന്നത്. ഇതിൽ തീരുമാനമായില്ലെങ്കിൽ മാർച്ച് ആദ്യം യുദ്ധം പുനരാരംഭിക്കാനും സാധ്യതയുണ്ട്.
പുതിയ വെടിനിർത്തൽ കരാർ നിലവിൽ വന്ന് ഗാസയിൽ ഹമാസ് വീണ്ടും ഭരണം ഉറപ്പിച്ചാലും അവരെ നശിപ്പിക്കുമെന്നാണ് ഇസ്രയേൽ പറയുന്നത്. വെടിനിർത്തലിന്റെ ആദ്യ ഘട്ടത്തിനുശേഷം യുദ്ധം പുനരാരംഭിക്കണമെന്നാണ് നെതന്യാഹുവിന്റെ സഖ്യത്തിലെ തീവ്ര വലതുപക്ഷത്തിന്റെയും ആഹ്വാനം. എന്നാൽ യുദ്ധം അവസാനിപ്പിക്കാതെയും ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പൂർണമായും പിൻവലിക്കാതെയും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കില്ലെന്നാണ് ഹമാസിന്റെ വാദം.
ജനുവരി 15നാണ് ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിൻ്റെ ഭാഗമായുള്ള കരാർ പ്രഖ്യാപിക്കപ്പെട്ടത്. തുടർന്ന് ജനുവരി 19ന് കരാർ പ്രാബല്യത്തിൽ വരികയും ആദ്യഘട്ടത്തിലെ ആദ്യത്തെ ബന്ദി കൈമാറ്റവും അന്ന് നടന്നു. 24കാരിയായ റോമി ഗോണൻ, 28കാരിയായ എമിലി ഡമാരി, 31 വയസുള്ള ഡോറോൺ ഖെയർ എന്നിവരാണ് ആദ്യഘട്ടത്തിൽ മോചിപ്പിക്കപ്പെട്ടത്. ഇസ്രയേൽ ബന്ദികള്‍ക്ക് പകരമായി 90 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചിരുന്നു.