NEWSROOM

"ഹമാസ് സജീവമാണ്, സജീവമായിരിക്കും"; സിന്‍വാറിന്‍റെ കൊലപാതകത്തില്‍ പ്രതികരിച്ച് ആയത്തൊള്ള ഖമേനി

ഒക്‌ടോബർ ഏഴ് ഹമാസ് ആക്രമണത്തിന്‍റെ സൂത്രധാരനായ യഹ്യ സിന്‍വാറിനെ കൊലപ്പെടുത്തിയതായി വ്യാഴാഴ്ചയാണ് ഇസ്രയേൽ സ്ഥിരീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്‍റെ കൊലപാതകത്തില്‍ പ്രതികരണവുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി. സിൻവാറിൻ്റെ മരണം 'പ്രതിരോധത്തിൻ്റെ അച്ചുതണ്ടിനെ തടയില്ലെന്ന്' ഖമേനി അറിയിച്ചു. പശ്ചിമേഷ്യയിലെ ഇസ്രയേലിൻ്റെയും യുഎസ്സിന്‍റെയും സ്വാധീനത്തിനെതിരായുള്ള ചെറുത്തുനിൽപ്പിനെയാണ് 'പ്രതിരോധത്തിന്‍റെ അച്ചുതണ്ട്' എന്ന് വിളിക്കുന്നത്.

“അദ്ദേഹത്തിൻ്റെ നഷ്ടം പ്രതിരോധത്തിന്‍റെ അച്ചുതണ്ടിന് നിസംശയമായും വേദനാജനകമാണ്, പക്ഷേ പ്രമുഖ വ്യക്തികളുടെ രക്തസാക്ഷിത്വത്തോടെ ഈ മുന്നണിയുടെ മുന്നേറ്റം അവസാനിക്കില്ല" , ഖമേനി പ്രസ്താവനയിൽ പറഞ്ഞു. "ഹമാസ് സജീവമാണ്, സജീവമായിരിക്കും", ഖമേനി കൂട്ടിച്ചേർത്തു.

ഒക്‌ടോബർ ഏഴ് ഹമാസ് ആക്രമണത്തിന്‍റെ സൂത്രധാരനായ യഹ്യ സിന്‍വാറിനെ കൊലപ്പെടുത്തിയതായി വ്യാഴാഴ്ചയാണ് ഇസ്രയേൽ സ്ഥിരീകരിച്ചത്. ആക്രമണത്തിന് മുമ്പുള്ള ഡ്രോൺ വീഡിയോയും പുറത്തുവിട്ടിരുന്നു.

അതേസമയം, യഹ്യ സിൻവാറിന് പകരക്കാരനെ തെരഞ്ഞെടുക്കാനുള്ള ചർച്ചകളിലാണ് ഹമാസ്. പുതിയ തലവനായി നിരവധി പേരുകള്‍ ഉയർന്നു കേൾക്കുന്നുണ്ട്. മഹ്മൂദ് അൽ സഹർ, മുഹമ്മദ് സിൻവാർ, മോസ അബു മർസൂക്ക്, ഖലീൽ അൽ ഹയ്യ, ഖലേദ് മാഷാൽ എന്നിവരാണ് ഇതില്‍ പ്രധാനികള്‍. ഇതില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത് മഹ്മൂദ് അൽ സഹറിനാണ്. കടുത്ത നിലപാടുകൾക്ക് പേരുകേട്ട മഹ്മൂദ് അൽ സഹർ, സംഘടനയുടെ പ്രത്യയശാസ്ത്ര ചട്ടക്കൂട് രൂപപ്പെടുത്തിയ വ്യക്തിയാണ്. പുതിയ തലവന്‍ ഹമാസിൻ്റെ ആഭ്യന്തര ഘടകത്തിനും, സംഘടനയെ പിന്തുണയ്ക്കുന്ന ഇറാനും ഒരുപോലെ സ്വീകാര്യനായ ആളാകണമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.


ഒക്ടോബർ ഏഴിന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ ബന്ദികളാക്കപ്പെടുകയും ചെയ്തിരുന്നു. ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ കുറഞ്ഞത് 42,500 പേർ കൊല്ലപ്പെടുകയും 99,546 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.

SCROLL FOR NEXT