ഇസ്മയില്‍ ഹാനിയ 
NEWSROOM

ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയ ഇറാനില്‍ കൊല്ലപ്പെട്ടു

ടെഹ്‌റാനിലെ വീട്ടില്‍ നടന്ന ആക്രമണത്തിലാണ് ഇസ്മയില്‍ ഹാനിയ കൊല്ലപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

ഹമാസ് നേതാവ് ഇസ്മയില്‍ ഹാനിയ ഇറാനിലെ ടെഹ്‌റാനില്‍ വെച്ച് കൊല്ലപ്പെട്ടു. പലസ്തീന്‍ സായുധ സംഘമായ ഹമാസ് ബുധനാഴ്ച പ്രസ്താവനയിലൂടെയാണ് വിവരം പുറത്തുവിട്ടത്.

പ്രസ്താവന പ്രകാരം, ടെഹ്‌റാനിലെ വീട്ടില്‍ നടന്ന സയണിസ്റ്റ് ആക്രമണത്തിലാണ് ഇസ്മയില്‍ ഹാനിയ കൊല്ലപ്പെട്ടത്.

ഹനിയയുടെ മരണം ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്‍റെ പുതിയ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഹനിയ പങ്കെടുത്തിരുന്നു. ഇതിനു മണിക്കൂറുകള്‍ക്കു ശേഷമാണ് കൊലപാതകം. സംഭവത്തില്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അന്വേഷണം ആരംഭിച്ചു. ഇസ്രയേലിൻ്റെ ഭാഗത്തു നിന്നും ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഹിസ്ബുല്ല കമാന്‍ഡറെ കൊലപ്പെടുത്തിയെന്ന് ഇസ്രയേല്‍ അവകാശപ്പെട്ട് 24 മണിക്കൂര്‍ തികയും മുന്‍പാണ് ഹനിയയുടെ കൊലപാതകം. ഹനിയയുടെ കൊലപാതകം ഹമാസിനെ തകര്‍ക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണെന്നും ഇത് സ്ഥിതി വഷളാക്കുമെന്നും മുതിര്‍ന്ന ഹമാസ് നേതാവ് സമി അബു സുഹ്രി റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഖത്തര്‍ കേന്ദ്രീകരിച്ചാണ് ഹനിയ പ്രവര്‍ത്തിച്ചിരുന്നത്. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളില്‍ ഹമാസിന്‍റെ മുഖമായിരുന്നു ഹനിയ. ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തില്‍ ഹനിയയുടെ മൂന്ന് മക്കള്‍ കൊല്ലപ്പെട്ടിരുന്നു. 2017ലാണ് ഹമാസിന്‍റെ ഉന്നത ശ്രേണിയിലേക്ക് ഹനിയ എത്തുന്നത്. ഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ചിരുന്നത് ഹനിയ ആയിരുന്നു.

SCROLL FOR NEXT