NEWSROOM

ഷിരി ബിബാസിൻ്റെ മൃതദേഹം റെഡ് ക്രോസിനു കൈമാറിയതായി ഹമാസ്

നേരത്തെ കൈമാറിയ നാല് മൃതദേഹങ്ങളിൽ ഷിരിയുടേതില്ലെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ഇസ്രയേൽ ബന്ദി ഷിരി ബിബാസിൻ്റെ മൃതദേഹം റെഡ് ക്രോസിനു കൈമാറിയതായി അറിയിച്ച് ഹമാസ്. മൃതദേഹം പരിശോധിച്ച് ഉറപ്പിക്കാനുള്ള നടപടി ഇസ്രയേൽ ആരംഭിച്ചു. നേരത്തെ കൈമാറിയ നാല് മൃതദേഹങ്ങളിൽ ഷിരിയുടേതില്ലെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ഇത് പരിശോധിക്കുമെന്നറിയിച്ചതിനു പിന്നാലെയാണ് ഹമാസ് യഥാർഥ മൃതദേഹം കൈമാറിയത്. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഷിരി ബിബാസിന്റെ മൃതദേഹ ഭാഗങ്ങൾ മറ്റ് ശരീരാവശിഷ്ടങ്ങളുമായി കൂടിക്കലർന്നു എന്നാണ് ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ ഹമാസ് നൽകിയ വിശദീകരണം.

വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം ആദ്യമായിട്ടാണ് ഹമാസ് ഇസ്രയേലിന് കൈമാറിയത്. ബന്ദികളായ ഷിരി ബിബാസും അവരുടെ ഒന്‍പത് മാസവും നാല് വയസും പ്രായമുള്ള കുട്ടികളായ ഏരിയൽ, ക്ഫി‍ർ എന്നിവരുടെ മൃതദേഹമാണ് കൈമാറുന്നതെന്നാണ് ഹമാസ് പറഞ്ഞിരുന്നത്. ഗാസയിലെ ഖാൻ യൂനിസിലെ ബനി സുഹൈലയിലായിരുന്നു കൈമാറ്റം നടന്നത്. മൃതദേഹം കൈമാറുന്ന സമയത്ത് തടിച്ചുകൂടിയ ജനങ്ങളിൽ പലരും പലസ്തീൻ പതാക ഉയർത്തി പിടിച്ച് കൊണ്ടാണ് നിന്നിരുന്നത്. എന്നാൽ ഇസ്രയേൽ പരിശോധനയിൽ മൃതദേഹം ഷിരിയുടേതല്ലെന്ന് കണ്ടെത്തി. ഹമാസ് നടത്തിയത് ​ഗാസ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇസ്രയേൽ ആരോപിച്ചു.

ഇസ്രയേൽ വ്യോമാക്രമണത്തിൽ ഷിരിയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കടിയിൽ മറ്റ് മൃതദേഹങ്ങളുമായി കലർന്ന് ഛിന്നഭിന്നമായ നിലയിലായിരുന്നുവെന്ന് ഹമാസ് ഉദ്യോഗസ്ഥൻ ഇസ്മായിൽ അൽ-തവാബ്തെയും പറഞ്ഞു. ഷിരിയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കടിയിൽ മറ്റ് മൃതദേഹങ്ങളുമായി കലർന്ന് ഛിന്നഭിന്നമായ നിലയിലായിരുന്നുവെന്ന് ഹമാസ് ഉദ്യോഗസ്ഥൻ ഇസ്മായിൽ അൽ-തവാബ്തെയും പറഞ്ഞു. ഷിരി ബിബാസും അവരുടെ രണ്ട് മക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ഒരു വർഷമായി ഹമാസ് അവകാശപ്പെടുന്നു. എന്നാൽ ഹമാസ് തടവിൽ വെച്ചാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേലിന്റെ വാദം.

അതേസമയം, ഗാസ വെടിനിർത്തൽ കരാറിൻ്റെ ഏഴാം ഘട്ട ബന്ദിമോചനം ഇന്ന് നടക്കും. കരാർ പ്രകാരം ആറ് ഇസ്രയേൽ ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കുക. ലിയ കോഹെൻ, മർ ഷെം ടോവ്, താൽ ഷോഹാം, ഒമെർ വെൻകെർട്ട്, ഹിഷാം അൽ സയിദ്, അവെര മെൻഗിസ്റ്റോ എന്നിവരെയാണ് ഹമാസ് കൈമാറുക. ഹമാസ് നേതാവ് ഖലീൽ- അൽ-ഹയ്യ യാണ് അറിയിപ്പ് പുറത്തുവിട്ടത്. പകരം 602 പലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ ഇന്ന് ഹമാസിനു കൈമാറുക.

SCROLL FOR NEXT