NEWSROOM

വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന പാലത്തിന് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കൈവരി; നിർമാണം തടഞ്ഞ് നാട്ടുകാർ

പാലത്തിന് തന്നെ ബലക്ഷയം ഉണ്ടായ സാഹചര്യത്തിൽ പൈപ്പുകൾ ഉപയോഗിച്ച് കൈവരി മാത്രം സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന ടൗൺ പാലത്തിന് കൈവരി നിർമിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ തടഞ്ഞത്. പാലത്തിന് തന്നെ ബലക്ഷയം ഉണ്ടായ സാഹചര്യത്തിൽ പൈപ്പുകൾ ഉപയോഗിച്ച് കൈവരി മാത്രം സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവയ്‌ക്കാന്‍ മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ് നിർദേശിച്ചു.


ഒന്‍പത് തവണ ഉരുൾപൊട്ടലുണ്ടായ പ്രദേശമാണ് വിലങ്ങാട്. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മരങ്ങളും, പാറക്കല്ലുകളും വന്നിടിച്ചാണ് വിലങ്ങാട്ടെ പാലങ്ങൾ എല്ലാം തകർന്നത്. ഇതിൽ വിലങ്ങാട് ടൗൺ പാലത്തിന് താത്കാലിക കൈവരി നിർമിക്കാനുള്ള പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് കൈവരി സ്ഥാപിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചത്.


വിലങ്ങാട് ടൗൺ പാലത്തിൻ്റെ ഒരു ഭാഗം മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയിരുന്നു.  നാട്ടുകാർ ചേർന്നാണ് ഈ ഭാഗം കല്ലുകളിട്ട് നടക്കാൻ പാകത്തിലാക്കിയത്. ശക്തമായ മഴ വന്നാൽ ഈ ഭാഗം വീണ്ടും ഒലിച്ച് പോകും. ഇതിനിടയിലാണ് പൊതുമരാമത്ത് വകുപ്പിൻ്റെ നടപടി. എന്നാൽ കൈവരിയില്ലാത്ത പാലം കൂടുതൽ അപകടങ്ങൾക്ക് കാരണമാകും എന്നതിനാലാണ് താത്കാലിക കൈവരി നിർമിക്കുന്നതെന്നും, പാലം പുനർനിർമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നുമാണ് അധികൃതരുടെ വിശദീകരണം. പ്രതിഷേധത്തെ തുടര്‍ന്ന് ഷാഫി പറമ്പില്‍ എംപി മന്ത്രി മുഹമ്മദ് റിയാസുമായി ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണം നിര്‍ത്തിവെച്ചത്.


SCROLL FOR NEXT