മുഖ്യമന്ത്രിയുടെ ജോലി പ്രഖ്യാപനത്തിന് പിന്നാലെ സന്തോഷമറിയിച്ച് ശ്രുതി. ജോലി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, ഇത് കാണാൻ ജെൻസൺ ഇല്ലെന്ന വേദനയേ ഉള്ളൂവെന്നും ശ്രുതി പ്രതികരിച്ചു. വയനാട് ചൂരൽമല ദുരന്തത്തില്‍ മുഴുവൻ കുടുംബാംഗങ്ങളേയും, വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് ജോലി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുള്‍പ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായിരുന്നതിനാല്‍ ശ്രുതി ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉറ്റവരെല്ലാം നഷ്ടപ്പെട്ടതോടെ പത്ത് വര്‍ഷമായി കൂടെയുള്ള പ്രതിശ്രുതവരന്‍ ജെന്‍സണ്‍ മാത്രമായിരുന്നു ശ്രുതിക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനുള്ള കൈത്താങ്ങായി നിന്നത്. എന്നാല്‍, ജെന്‍സണും കഴിഞ്ഞ മാസം ഉണ്ടായ വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു.
ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരു മാസം മുന്‍പ് ശ്രുതിയുടെയും ജെന്‍സന്റെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നു തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിന്റെ പാലു കാച്ചലും. വിവാഹത്തിനായി സ്വരുക്കൂട്ടിവെച്ചിരുന്നതെല്ലാം ഉരുള്‍പൊട്ടലില്‍ നഷ്ടമായി. കഴിഞ്ഞ മാസം അവസാനം വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കെയായിരുന്നു ജെന്‍സന്റെ വിയോഗം.