ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടിയിൽ പ്രതികരിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. കോടീശ്വരനായ ആളെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവന്നത് തന്നെ സന്തോഷമെന്ന് പി. സതീദേവി പ്രതികരിച്ചു.
തെറ്റ് ഏറ്റുപറഞ്ഞ പശ്ചാത്തലത്തിൽ ആണ് ജാമ്യമെന്നും കോടതി നടപടി സമൂഹത്തിന് നൽകുന്നത് ശക്തമായ സന്ദേശമാണെന്നും സതീദേവി പറഞ്ഞു. സ്ത്രീക്ക് അന്തസോടെ പൊതു ഇടത്തിൽ ഇടപെടാനുള്ള തുടക്കം കുറിക്കൽ ആകും ഇത്. പരാതി കൊടുക്കുന്നവരെ മോശപ്പെടുത്തുന്ന പ്രവണത സമൂഹത്തിൽ ഉണ്ട്. സമൂഹ മാധ്യമങ്ങളിലെ മോശം പ്രചാരണത്തിനെതിരെ സൈബർ പൊലീസ് നടപടി എടുക്കണം. രാഹുൽ ഈശ്വറിനെതിരെ പരാതി ലഭിച്ചാൽ നടപടി എടുക്കുമെന്നും പി. സതീദേവി പറഞ്ഞു.
ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജാമ്യം അനുവദിക്കാനുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് വൈകീട്ട് 3.30ന് പുറത്തുവിടും. ജാമ്യോപാധികൾ ഉത്തരവിൽ വ്യക്തമാക്കും. കാക്കനാട് ജില്ലാ ജയിലിലുള്ള ബോബി ചെമ്മണ്ണൂരിന് ഇന്ന് തന്നെ പുറത്തിറങ്ങാൻ സാധിച്ചേക്കും.