DR.S SOMANATH AND MODI 
NEWSROOM

പ്രധാനമന്ത്രിയെ ബഹിരാകാശത്ത് എത്തിക്കാൻ സാധിക്കുന്നത് സന്തോഷം: ഐഎസ്ആർഒ തലവൻ ഡോ. എസ് സോമനാഥ്

പ്രധാനമന്ത്രി ബഹിരാകാശത്ത് പോകുക എന്ന ഒരു കാര്യം സംഭവിക്കുകയാണെങ്കിൽ അത് നമ്മുടെ രാജ്യത്ത് നിന്നും, ഒരു ഇന്ത്യൻ ബഹിരാകാശ വാഹനത്തിൽ തന്നെയായിരിക്കുമെന്നും ഐഎസ്ആർഒ തലവൻ വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബഹിരാകാശത്ത് എത്തിക്കാൻ സാധിച്ചാൽ അത് രാജ്യത്തിന് തന്നെ അഭിമാനനിമിഷമാകുമെന്ന് ഐഎസ്ആർഒ ചെയർമാനായ ഡോ. എസ് സോമനാഥ്. അതിന് സാധിക്കുമോ എന്ന കാര്യത്തിൽ ​ഗ​ഗൻയാൻ മിഷൻ പൂർത്തിയാകുന്നതോടെ അറിയാൻ സാധിക്കും. എൻ ഡി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് ഐഎസ്ആർഒ തലവൻ പറഞ്ഞത്. ഈ വർഷത്തേക്ക് മൂന്ന് പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

മാസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ വായുസേനയിലെ പ്രശാന്ത് നായർ, അൻ​ഗദ് പ്രതാപ്, അജിത് കൃഷ്ണൻ, ശുഭാൻശു ശുക്ല എന്നിവരെ ​ഗഗൻയാൻ മിഷനുവേണ്ടി തിരഞ്ഞെടുത്തത്. മിഷനു വേണ്ടി പരിശീലനം ലഭിച്ച ബഹിരാകാശ യാത്രികരെ കണ്ടെത്തുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിട്ടു, അതുകൊണ്ട് പ്രമുഖരെ ബഹിരാകാശത്ത് എത്തിക്കാൻ സാധിക്കുമോ എന്നതിൽ തനിക്ക് ആശങ്കയുണ്ടെന്നും സോമനാഥ് അഭിമുഖത്തിൽ പറഞ്ഞു.

നരേന്ദ്രമോദിയെ ബഹിരാകാശത്ത് എത്തിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിന്, അതിൽ തനിക്ക് സന്തോഷമുണ്ടെന്നും, എന്നാൽ അദ്ദേഹത്തിന് മറ്റ് പല ക‍ർത്തവ്യങ്ങളും ചെയ്ത് തീർക്കേണ്ടതുണ്ടെന്നും, ഹ്യൂമൻ സ്പെയ്സ് ഫ്ലൈറ്റ് എന്ന ആശയത്തിൽ ഇനിയും ഒരുപാട് മുന്നോട്ട് സഞ്ചരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രധാനമന്ത്രി ബഹിരാകാശത്ത് പോകുക എന്ന ഒരു കാര്യം സംഭവിക്കുകയാണെങ്കിൽ അത് നമ്മുടെ രാജ്യത്ത് നിന്നും, ഒരു ഇന്ത്യൻ ബഹിരാകാശ വാഹനത്തിൽ തന്നെയായിരിക്കുമെന്നും ഐഎസ്ആർഒ തലവൻ വ്യക്തമാക്കി.
ഇപ്പോഴത്തെ തീരുമാനപ്രകാരമാണെങ്കിൽ, ​ഗ​ഗൻയാൻ്റെ ആദ്യ യാത്ര അടുത്ത വർഷം അവസാനത്തോടെയായിരിക്കുമെന്നും ഡോ. എസ് സോമനാഥ് അറിയിച്ചു.

SCROLL FOR NEXT