NEWSROOM

കായികതാരത്തിനെതിരായ പീഡനം ഞെട്ടിക്കുന്നത്, പുറത്തു വരാത്ത കുറ്റകൃത്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണം: വി.ഡി. സതീശൻ

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം കാര്യക്ഷമമാക്കണമെന്നും വി. ഡി. സതീശൻ പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ടയില്‍ കായിക താരത്തെ പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണം. ഇനിയും പുറത്തു വരാത്ത കുറ്റകൃത്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണം. എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം കാര്യക്ഷമമാക്കണമെന്നും വി. ഡി. സതീശൻ പ്രതികരിച്ചു.

പത്തനംതിട്ടയില്‍ പീഡിപ്പിക്കപ്പെട്ട അതിജീവിതയ്ക്ക് താൽക്കാലിക നഷ്ടപരിഹാരം നൽകണമെന്ന് പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഡിഐജി അജിതാ ബീഗമാണ് റിപ്പോർട്ട് സമർപ്പിച്ചത്. കുട്ടിയുടെ സംരക്ഷണത്തിന് ലെയിസൺ ഓഫീസറായി വനിതാ എസ്ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടിക്ക് കൗൺസിലിങ് ഉൾപ്പടെ വിദഗ്ധ ചികിത്സ ആവശ്യമാണ്, കുട്ടിയുടെ തുടർ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എസ്ഐടിയിൽ കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കായിക താരത്തെ പീഡിപ്പിച്ച കേസില്‍ ആറ് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. രണ്ടു പൊലീസ് സ്റ്റേഷനുകളിലായി 26 അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. കൂടുതൽ പ്രതികൾക്കായി അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കാനാണ് പൊലീസ് നീക്കം.


SCROLL FOR NEXT