NEWSROOM

കണ്ണൂർ പയ്യന്നൂരിൽ ഫിറ്റ്നസ് സെൻററിലെ പീഡനം; അതിജീവിതയുടെ വ്യക്തി വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചെന്ന് പരാതി

പയ്യന്നൂരിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് എം നാരായണൻ കുട്ടിയുടെ മകനാണ് കേസിൽ അറസ്റ്റിലായ ഫിറ്റ്നസ് സെന്റർ ഉടമ ശരത് നമ്പ്യാർ

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ പയ്യന്നൂരിൽ ഫിറ്റ്നസ് സെൻററിൽ പീഡനത്തിനിരയായ യുവതിയുടെ വ്യക്തി വിവരങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചെന്ന് പരാതി. കോൺഗ്രസിൻ്റെ ഫേസ്ബുക്ക് പേജായ പോരാളി കോൺഗ്രസിനെതിരെയും സംഭവത്തിൽ അറസ്റ്റിലായ ശരത് നമ്പ്യാരുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും എതിരെയുമാണ് യുവതി പരാതി നൽകിയത്. കണ്ണൂർ റൂറൽ എസ് പി,പയ്യന്നൂർ ഡി വൈഎസ്പി, മുഖ്യമന്ത്രിഎന്നിവർക്കാണ് യുവതി പരാതി നൽകിയത്.

പയ്യന്നൂർ പഴയ ബസ് സ്‌റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജിമ്മിൽ ഫിസിയോതെറാപ്പി ചെയ്യാനെത്തിയപ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായത്. അച്ഛനുമൊത്ത് സ്ഥാപനത്തിൽ നിന്ന് ഇറങ്ങിപ്പോകുന്ന വീഡിയോകൾ പോരാളി കോൺഗ്രസ് എന്ന ഫേസ്ബുക്ക് പേജ് വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി.

പോരാളി കോൺഗ്രസിനു പുറമേ രേഷ്മ ശരത്ത്, ഡോ. വരുൺ നമ്പ്യാർ എന്നീ ഫേസ്ബുക്ക് ഐഡി കളിലും, പിലാത്തറ.കോം എന്ന ഫേസ്ബുക്ക് പേജിലും ഇരയെ വെളിപ്പെടുത്തും വിധം ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും പരാതിയിൽ പറയുന്നു. പയ്യന്നൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് എം.നാരായണൻ കുട്ടിയുടെ മകനാണ് കേസിൽ അറസ്റ്റിലായ ഫിറ്റ്നസ് സെൻറർ ഉടമ ശരത് നമ്പ്യാർ. സംഭവത്തിൽ ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യന്നൂർ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

SCROLL FOR NEXT