ബീഫ് കഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ തല്ലിക്കൊന്ന സംഭവത്തെ നിസാരവത്കരിച്ച് ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നയാബ് സിങ് സെയ്നി. പശു സംരക്ഷണത്തിനുള്ള നിയമങ്ങൾ കർശനമാണ്. പശുവിനോട് ബഹുമാനമുള്ള ഗ്രാമീണർ ഇത്തരം ചെയ്തികളിൽ ഏർപ്പെട്ടാൽ ആർക്കാണ് തടയാനാവുകയെന്നും സെയ്നി ചോദിച്ചു.
ബീഫ് കഴിച്ചെന്നാരോപിച്ച് തൊഴിലാളിയെ തല്ലിക്കൊന്ന കേസിൽ ഏഴ് പ്രതികളെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി നയബ് സിങ് സെയ്നിയുടെ വിവാദ പ്രതികരണം. കൊലയ്ക്ക് പിന്നിൽ ആൾക്കൂട്ടമാണെന്ന ആരോപണത്തെ പരോക്ഷമായി എതിർത്ത മുഖ്യമന്ത്രി പശുക്കളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഗ്രാമീണരെ ഇത്തരം ചെയ്തികളിൽ നിന്ന് ആർക്കാണ് തടയാനാകുക എന്നും ചോദിച്ചു.
പശു സംരക്ഷണത്തിനായി നിയമസഭ പാസാക്കിയ നിയമം കർശനമാണെന്നും ഇതിൽ വിട്ടുവീഴ്ചയും ചെയ്യാൻ കഴിയില്ലെന്നും സെയ്നി പറഞ്ഞു. കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടത് ദൗർഗ്യകരമെന്നും ഇത്തരം ആക്രമണങ്ങൾക്ക് വഴിയൊരുക്കിയവർ ഗ്രാമീണർക്ക് പശുക്കളോടുള്ള സ്നേഹം എത്രത്തോളമെന്ന് തിരിച്ചറിയുമെന്നും വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.
ഓഗസ്റ്റ് 27 നാണ് ഹരിയാനയിൽ ബീഫ് കഴിച്ചെന്ന പേരിൽ ബംഗാൾ സ്വദേശിയെ ഒരു സംഘം ആക്രമിച്ച് കൊന്നത്. തുടർന്നുള്ള അന്വേഷണത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം ഏഴ് പേരെ പിടികൂടിയിരുന്നു. സംഭവത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ബിജെപി സർക്കാരിനെതിരായ പ്രതിഷേധം തുടരുകയാണ്.