നയാബ് സിംഗ് സൈനി 
NEWSROOM

'എല്ലാവര്‍ക്കും സീറ്റ് കൊടുക്കാനാവില്ലല്ലോ'; തര്‍ക്കം രൂക്ഷമായ ഹരിയാന ബിജെപിയുടെ സ്ഥാനാര്‍ഥി പട്ടിക മാറ്റില്ലെന്ന് മുഖ്യമന്ത്രി

രാജിവെച്ച കരണ്‍ ദേവ് കംബോജും ലക്ഷ്മണ്‍ നാപ്പയും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളാണെന്നും അവരെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുമെന്നും നയാബ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Author : ന്യൂസ് ഡെസ്ക്



ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ ഹരിയാന ബിജെപിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നതിനിടെയാണ് പട്ടികയില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.

ഹരിയാനയിലെ ബിജെപിയുടെ ആദ്യഘട്ട തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ മന്ത്രി രാജ്‌നാഥ് സിംഗ് ചൗടാല, എംഎല്‍എ ലക്ഷ്മണ്‍ ദാസ് നാപ്പ എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. മുന്‍ മന്ത്രിയും ഒബിസി മോര്‍ച്ച അധ്യക്ഷനുമായ കരണ്‍ ദേവ് കംബോജും പാര്‍ട്ടി വിട്ടു. സംസ്ഥാന ഉപാധ്യക്ഷന്‍ ജി എല്‍ ശര്‍മ, മുന്‍ മന്ത്രി ബച്ചന്‍ സിംഗ് ആര്യ, കിസാന്‍ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സുഖ് വീന്ദര്‍ മണ്ഡി തുടങ്ങിയവരും പല ജില്ലാ നേതാക്കളും കൂട്ട രാജി നല്‍കിയിട്ടുണ്ട്.

രാജിവെച്ച എംഎല്‍എ നാപ്പ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയെ കൂടിക്കാഴ്ച നടത്തുകയും കോണ്‍ഗ്രസില്‍ അംഗത്വമെടുക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

എന്നാല്‍ എല്ലാവര്‍ക്കും മത്സരിക്കാന്‍ ടിക്കറ്റ് വേണം, പക്ഷെ 'താമര' ഒരാള്‍ക്കല്ലേ കൊടുക്കാന്‍ കഴിയൂ എന്നാണ് ഉയര്‍ന്നുവരുന്ന തര്‍ക്കത്തിനിടെ മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ പ്രതികരണം. 

സ്ഥാനാര്‍ഥിത്വം വേണമെന്ന് പറയുന്നുവര്‍ക്ക് ദേഷ്യം വരുന്നത് സാധാരണമാണ്. പക്ഷെ അവര്‍ നിര്‍ബന്ധിക്കപ്പെടുകയാണ് എന്നും റോട്ടക്കില്‍ വെച്ച് നടന്ന പാര്‍ട്ടി മീറ്റിംഗില്‍ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, രാജിവെച്ച കരണ്‍ ദേവ് കംബോജും ലക്ഷ്മണ്‍ നാപ്പയും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളാണെന്നും അവരെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുമെന്നും നയാബ് സിംഗ് കൂട്ടിച്ചേര്‍ത്തു.

ജനനായക് ജനതാ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ എത്തിയവര്‍ക്ക് വരെ സീറ്റ് നല്‍കിയപ്പോഴും സിറ്റിംഗ് എംഎല്‍എമാര്‍ക്കും പ്രാദേശിക നേതാക്കള്‍ക്കും അവസരം നിഷേധിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിനകത്ത് പാര്‍ട്ടിയില്‍ പ്രതിഷേധം പുകയുന്നത്.

പാര്‍ട്ടിക്കകത്ത് തന്നെ രൂക്ഷമാകുന്ന വിയോജിപ്പും തര്‍ക്കവും ഒപ്പം ഭരണ വിരുദ്ധ വികാരവും ബിജെപിക്ക് തിരിച്ചടിയായേക്കാം. അത്‌ലറ്റുകളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നതും ബിജെപിക്ക് തിരിച്ചടിയാണ്. രാജ്യത്തെ പിടിച്ചുകുലുക്കിയ സമരത്തിന്റെ വക്താക്കളായ വിനേഷും ബജ്‌റംഗ് പുനിയയും അടക്കമുള്ള താരങ്ങൾ ദേശീയ തലത്തില്‍ തന്നെ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ഒക്ടോബര്‍ അഞ്ചിനാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഇത്തവണ സഖ്യകക്ഷികള്‍ ഇല്ലാതെയാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. അതേസമയം, രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയും ബിജെപി ഉടന്‍ പുറത്തുവിട്ടേക്കും.



SCROLL FOR NEXT