NEWSROOM

ഹിമാനി നർവാൾ വധം: കൊലപ്പെടുത്തിയത് മൊബൈൽ ചാർജർ കഴുത്തിൽ മുറുക്കി; പ്രതിയെപ്പറ്റി നിർണായക വെളിപ്പെടുത്തലുമായി പൊലീസ്

ഹിമാനി നർവാളും പ്രതിയായ സച്ചിനും സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്


കോൺഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ കൊലപാതകത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഹരിയാന പൊലീസ്. ഝജ്ജാർ ജില്ലയിൽ മൊബൈൽ ഷോപ്പ് നടത്തുന്ന സച്ചിൻ ആണ് ക‍ൃത്യം നടത്തിയത്. ഹിമാനി നർവാളും പ്രതിയായ സച്ചിനും സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. പ്രതി ഇടയ്ക്കിടെ ഹിമാനി നർവാളിന്റെ വീട്ടിൽ പോകാറുണ്ട്. വിജയ് നഗർ റോഹ്തക്കിലെ വീട്ടിൽ ഹിമാനി ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

ഫെബ്രുവരി 27 നാണ് പ്രതി വിജയ് നഗർ റോഹ്തക്കിലെ വീട്ടിൽ പോയത്. എന്തോ കാര്യത്തെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും പ്രകോപിതനായ സച്ചിൻ മൊബൈൽ ചാർജറിൻ്റെ കേബിൾ കഴുത്തിൽ മുറുക്കിയാണ് ഹിമാനിയെ കൊലപ്പെടുത്തിയതെന്നും റോഹ്തക് റേഞ്ച് എഡിജിപി കൃഷൻ കുമാർ റാവു പറഞ്ഞു. തുടർന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കി സാംപ്ല ബസ് സ്റ്റാൻഡിന് സമീപമുള്ള കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞു. ഹിമാനി നർവാളിന്റെ ആഭരണങ്ങൾ, ഫോൺ, ലാപ്‌ടോപ്പ് എന്നിവ പ്രതി ഝജ്ജാറിലെ കടയിലേക്ക് കൊണ്ടുപോയി എന്നും പൊലീസ് പറഞ്ഞു.

കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി പ്രതിയെ റിമാൻഡ് ചെയ്യും. എന്തിനാണ് വഴക്കുണ്ടായതെന്ന് കണ്ടെത്തും. അവർക്കിടയിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. അത് പരിശോധിക്കും. അന്വേഷണത്തിൽ എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും എഡിജിപി കൃഷൻ കുമാർ റാവു പറഞ്ഞു. അതേസമയം, പ്രതിയുടെ കൈകളിൽ കടിയേറ്റ പാടുകളും പോറലുകളും പൊലീസ് കണ്ടെത്തിയതായി വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

മാർച്ച് ഒന്നിനാണ് റോത്തഗ് ജില്ലയിൽ ബസ് സ്റ്റാൻഡിന് സമീപം ഹിമാനി നർവാളിന്റെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയത്. സാംപ്ല ബസ് സ്റ്റാൻഡിൽ നിന്ന് 200 മീറ്റർ അകലെ ഉപേക്ഷിക്കപ്പെട്ട സ്യൂട്ട്കേസ് യാത്രക്കാർ ശ്രദ്ധയിൽപ്പെടുകയും പൊലീസിൽ അറിയിക്കുകയും ചെയ്യുകയായിരുന്നു. ഹരിയാനയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിട്ടുള്ള പ്രവർത്തകയാണ് നർവാൾ. റോഹ്തക് എംപി ദീപേന്ദർ ഹൂഡയുടേത് ഉൾപ്പെടെ വിവിധ രാഷ്ട്രീയ പരിപാടികളിലും, കോൺഗ്രസ് റാലികളിലും, നർവാൾ പങ്കെടുത്തിട്ടുണ്ട്.

SCROLL FOR NEXT