NEWSROOM

ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് 12ാം ക്ലാസ് വിദ്യാർഥിയെ വെടിവച്ചു കൊന്നു

പ്രതികളായ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് 12ാം ക്ലാസ് വിദ്യാർഥിയെ വെടിവച്ചു കൊന്നു. ഹിന്ദുത്വവാദികളായ അഞ്ച് ഗോ സംരക്ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗദ്‌പുരിയിലാണ് സംഭവം നടക്കുന്നത്. പ്രതികളായ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരഭ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ചാണ് സംരക്ഷകർ 30 കിലോമീറ്ററോളം ദൂരം കാറിൽ പിന്തുടർന്ന് വിദ്യാർഥിക്ക് നേരെ വെടിയുയർത്തിയത്.

റെനോ ഡസ്റ്റർ, ടൊയോട്ട ഫോർച്യൂണർ കാറുകളിൽ പശുക്കടത്ത് നടത്തുന്ന ചിലർ നഗരത്തിൽ നിന്ന് കന്നുകാലികളെ കൊണ്ടുപോകുന്നതായി ഗോസംരക്ഷണ സേനയ്ക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് കൊലപാതകം നടന്നത്. പശുക്കടത്തുകാരെ തിരയുന്നതിനിടെ പട്ടേൽ ചൗക്കിൽ ഒരു ഡസ്റ്റർ കാർ കാണുകയും ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. കാർ നിർത്താതെ പോയതിനെ തുടർന്ന് പ്രതികൾ കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. പാസഞ്ചർ സീറ്റിലിരുന്ന ആര്യൻ്റെ കഴുത്തിന് സമീപമാണ് വെടിയേറ്റത്.

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര നാസിക് ജില്ലയിലെ ഇഗത്പുരിക്കടുത്ത് എക്സ്‌പ്രസ് ട്രെയിനിൽ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മധ്യവയസ്ക്കനെ ക്രൂരമായി മർദിച്ചിരുന്നു. ഓഗസ്റ്റ് 27 ന് ഹരിയാനയിൽ ബീഫ് കഴിച്ചെന്ന പേരിൽ ബം​ഗാൾ സ്വദേശിയെ ഒരു സംഘം ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം ഏഴ് പേരെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ബിജെപി സർക്കാരിനെതിരായ പ്രതിഷേധം തുടരുകയാണ്.

SCROLL FOR NEXT