NEWSROOM

സൈനി തുടരും; ഹരിയാനയിൽ ബിജെപി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഒക്ടോബർ 15ന്

ഒക്‌ടോബർ 15 ആണ് സത്യപ്രതിജ്ഞ ചെയ്യാനുള്ള താൽക്കാലിക തീയതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


ഹരിയാനയിലെ പുതിയ ബിജെപി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഒക്ടോബർ 15ന് പഞ്ച്കുളയിൽ നടന്നേക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ വെള്ളിയാഴ്ച പറഞ്ഞു. ഒക്‌ടോബർ 15 ആണ് സത്യപ്രതിജ്ഞ ചെയ്യാനുള്ള താൽക്കാലിക തീയതിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

“ഞങ്ങൾ സത്യപ്രതിജ്ഞാ ചടങ്ങിനായി വേദി ഒരുക്കുകയാണ്,” പഞ്ച്കുല ഡെപ്യൂട്ടി കമ്മീഷണർ ഡോ. യാഷ് ഗാർഗ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ചടങ്ങിൻ്റെ ക്രമീകരണങ്ങൾക്കായി ഡെപ്യൂട്ടി കമ്മീഷണർ അധ്യക്ഷനായ ജില്ലാതല കമ്മിറ്റി രൂപീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും ചടങ്ങിൽ പങ്കെടുക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 48 സീറ്റുകളും, കോൺഗ്രസിന് 37 സീറ്റുകളുമാണ് ലഭിച്ചത്. ഐഎൻഎൽഡി രണ്ട് സീറ്റുകൾ നേടിയപ്പോൾ, ജെജെപിയും ആം ആദ്മി പാർട്ടിയും സീറ്റില്ലാതെ മടങ്ങി.

മുഖ്യമന്ത്രിയായി നയാബ് സിങ് സൈനി തുടരുമെന്നാണ് സൂചന. നേരത്തെ മനോഹർ ലാൽ ഖട്ടറിനെ മാറ്റി നയാബ് സിങ് സൈനിയെ പരീക്ഷിച്ചത് ഭരണവിരുദ്ധ വികാരത്തെ തടയിടാൻ ബിജെപിയെ സഹായിച്ചെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള നേതാവായിരുന്നു സൈനി. 70 ദിവസക്കാലത്തെ സൈനിയുടെ ഭരണ കാലയളവിൽ 120 ഓളം പ്രഖ്യാപനങ്ങളാണ് ബിജെപി സർക്കാർ ഹരിയാനയിൽ നടത്തിയത്.

SCROLL FOR NEXT