ഇസ്രയേൽ ആക്രമണത്തിൽ തങ്ങൾ വീണുപോയിട്ടില്ലെന്ന് ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ള. ആയിരക്കണക്കിന് ലെബനൻ പൗരരെ ഒറ്റയടിക്ക് കൊല്ലാനുള്ള പദ്ധതിയാണ് ഇസ്രയേൽ നടപ്പാക്കിയതെന്ന് പേജർ ആക്രമണങ്ങൾക്ക് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ ഹസ്സൻ നസറുള്ള പറഞ്ഞു. ഇസ്രയേൽ ആക്രമണങ്ങളെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച ഹസ്സൻ നസറുള്ള, ലെബനൻ്റെ അതിർത്തി കടന്നുള്ള ആക്രമണങ്ങളെ യുദ്ധപ്രഖ്യാപനമായാണ് കാണുന്നതെന്നും കൂട്ടിച്ചേർത്തു.
ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെയാണ് ദേശീയ ടെലിവിഷനിലൂടെ ലെബനനിലെ പാർട്ടി അണികളുടെ പിന്തുണ തേടി ഹിസ്ബുള്ള നേതാവ് ഹസൻ നസ്റുള്ള രംഗത്തെത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.
"ഇസ്രയേലിന് സാങ്കേതിക ശേഷി കൂടുതലുണ്ട് എന്നത് തങ്ങൾക്കറിയാവുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഉണ്ടായത് വലിയ ആക്രമണമാണ്. ഇസ്രയേൽ എല്ലാ അതിരുകളും ലംഘിച്ചു. പക്ഷെ തങ്ങൾ തോറ്റ് പോയിട്ടില്ല. എത്ര വലിയ ആക്രമണങ്ങൾ ഉണ്ടായാലും ഗാസയെ പിന്തുണക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കുമെന്നും ഹസ്സൻ നസറുള്ള പറഞ്ഞു. ഗാസയിൽ നിന്ന് ഇസ്രയേൽ യുദ്ധം അവസാനിപ്പിക്കും വരെ ഞങ്ങൾ പിന്മാറില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
ലെബനൻ ആസ്ഥാനമായുള്ള സൈനിക സംഘങ്ങളെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് തുടർച്ചയായ സ്ഫോടന പരമ്പര അരങ്ങേറിയിരുന്നു. ആദ്യം പേജറുകളും പിന്നീട വാക്കി ടോക്കികളുമാണ് പൊട്ടിത്തെറിച്ചത്. നിലവിൽ വാക്കി-ടോക്കി അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 37 ആയിട്ടുണ്ട്. 608 പേർക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഇതിൽ 287 പേരുടെ നില ഗുരുതരമാണെന്നും ലെബനീസ് സർക്കാർ സ്ഥിരീകരിച്ചു.
അതേസമയം, ഹസ്സൻ നസറുള്ളയുടെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം കടുപ്പിച്ചിട്ടുണ്ട്.