ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി. ജോര്‍ജിൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കോട്ടയം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിന് എതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 17ന് വീണ്ടും പരിഗണിക്കും.
ALSO READ:പകുതി വില തട്ടിപ്പ് കേസ്: ആദ്യം ലക്ഷ്യമിട്ടത് കേന്ദ്ര പദ്ധതികൾ, പ്രതിപട്ടികയിൽ സിപിഎം നേതാക്കളും
നാല് തവണ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം പി.സി. ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷൻസ് കോടതി തള്ളിയത്. 33 വർഷം എംഎൽഎ ആയിരുന്ന ആളിൽ നിന്നുണ്ടായത് മോശം സമീപനമാണെന്ന് നീരിക്ഷിച്ചായിരുന്നു സെഷൻസ് കോടതി ജാമ്യം നിഷേധിച്ചത്. മതസ്പർധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് പി.സി. ജോർജിന് എതിരെ കേസെടുത്തിരുന്നത്. ബിഎന്‍എസ് 196, 299, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പിസി ജോര്‍ജിനെതിരെ കേസ് എടുത്തിരിക്കുന്നത്. ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഹൈക്കോടതിയിൽ അപ്പീലിന് പോകുമെന്ന് കഴിഞ്ഞ ദിവസം പി.സി. ജോർജിൻ്റെ മകൻ ഷോൺ ജോർജ് അറിയിച്ചിരുന്നു.
ജനുവരി ആറിന് നടന്ന ചാനൽ ചർച്ചയിൽ, ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം മതവർഗീയവാദികളാണെന്ന് പറഞ്ഞ പി.സി. ജോർജ് ഇവർ പാകിസ്ഥാനിലേക്ക് പോകണം എന്നും പറഞ്ഞിരുന്നു. മുസ്ലീങ്ങൾ ആയിരക്കണക്കിന് ഹിന്ദുകളെയും ക്രിസ്ത‍്യാനികളെയും കൊന്നു. ഈരാറ്റുപേട്ടയിൽ മുസ്ലിം വർഗീയത ഉണ്ടാക്കിയാണ് തന്നെ തോൽപ്പിച്ചത് എന്നും പി.സി. ജോർജ് ആരോപിച്ചിരുന്നു. പ്രസ്താവന വലിയ വിവാദമായതോടെ യൂത്ത് ലീഗ് പരാതി നൽകുകയായിരുന്നു.
വിവാദ ചാനൽ ചർച്ചയുടെ വീഡിയോയും ഉള്ളടക്കവും എഴുതി നൽകണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുൻപും സമാനമായ കേസിൽ ഉൾപ്പെട്ട ആളാണ് പി.സി. ജോർജ്, അതിനാൽ ജാമ്യം അനുവദിക്കരുത് എന്നായിരുന്നു പ്രൊസിക്യൂഷൻ ആവശ്യപെട്ടത്. എന്നാൽ പ്രതി ദീർഘകാലം ജനപ്രതിനിധി ആയിരുന്നെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാൻ മാത്രം ഗൗരവമുളള വിഷയമല്ല ഇതെന്നുമായിരുന്നു പ്രതിഭാഗത്തിൻ്റെ നിലപാട്.
ചാനൽ ചർച്ചയിലെ പരാമർശം താൻ ഉദ്ദേശിച്ച രീതിയിലല്ല വ്യാഖ്യാനിക്കപ്പെടുന്നതെന്നും വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്നും പി.സി ജോർജ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി വ്യക്തമാക്കിയിരുന്നു. അതേസമയം പൊലീസ് പി.സി. ജോർജിനു വേണ്ടി ഒത്തു കളിക്കുകയാണെന്ന് പരാതിക്കാരായ യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചു.