ഉത്തർപ്രദേശിൽ 121 പേരുടെ മരണത്തിനിടയാക്കിയ ഹത്രസ് പ്രാര്‍ഥന യോഗത്തിന്റെ മുഖ്യ സൂത്രധാരനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ഭോലെ ബാബ അഞ്ച് ലൈംഗീകാതിക്രമക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. ആഗ്ര, ഇറ്റാവ, കസ്ഗഞ്ച്, ഫറൂഖാബാദ്, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. കൂടാതെ, ഇത്തരം പ്രാർത്ഥനാ യോഗങ്ങളിൽ ഭോലെ ബാബ നടത്തുന്ന പ്രസ്താവനകൾ ധാരാളം വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഉത്തർപ്രദേശിലെ ബഹദൂർ നഗരി ഗ്രാമത്തിലെ കർഷക കുടുംബത്തിലാണ് ഭോലെ ബാബയുടെ ജനനം. ഇവിടെ നിന്നും പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ ഭോലെ ബാബ ഉത്തർപ്രദേശ് പൊലീസ് സേനയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് സ്വയം അവകാശപ്പെടുന്നത്. ദൈവത്തിൽ നിന്ന് നേരിട്ട് തനിക്ക് ശക്തി ലഭിച്ചു എന്ന് പറഞ്ഞ് 1999-ലാണ് ഇയാൾ ആത്മീയതിലേക്ക് തിരിയുന്നത്. എംഎൽഎമാർ എംപിമാർ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ഭോലെ ബാബയുടെ പരിപാടിയിൽ പങ്കെടുക്കാറുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം, ഹത്രസില്‍ പ്രാര്‍ഥന യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ച സംഭവത്തിൽ യുപി പൊലീസ് കേസെടുത്തു. ഭോലെ ബാബയുടെ അനുയായികള്‍, സംഘാടകര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മനഃപൂർവമല്ലാത്ത നരഹത്യ ഉള്‍പ്പെടെ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പരിപാടി നടത്തിപ്പിനുള്ള അനുമതി തേടിയപ്പോള്‍, പങ്കെടുത്തേക്കാവുന്നവരുടെ യഥാര്‍ത്ഥ കണക്ക് സംഘാടകര്‍ മറച്ചുവെച്ചുവെന്നും, ഗതാഗത നിയന്ത്രണത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. അതേസമയം, നാരായണ്‍ സാകര്‍ ഹരി എന്ന ഭോലെ ബാബയുടെ പേര് എഫ്ഐആറില്‍ ആരോപണവിധേയനായി പോലും പരാമര്‍ശിച്ചിട്ടില്ല.