ഉത്തര്‍പ്രദേശിലെ ഹത്രസില്‍ പ്രാര്‍ത്ഥന ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 116 ആയി. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആത്മീയ ആചാര്യനെന്ന് വിളിക്കപ്പെടുന്ന ഭോലെ ബാബയ്ക്ക് വേണ്ടി അന്വേഷണം ശക്തമാക്കിയതായും യു.പി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഭോലെ ബാബ ഒളിവിലാണ്.
ഉത്തര്‍പ്രദേശിലെ ഹത്രസ് ജില്ലയിലെ ഫുല്‍റായി വില്ലേജില്‍ ഇന്നലെ നടന്ന പ്രാദേശിക പ്രാര്‍ത്ഥനാ ചടങ്ങിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 116 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 72 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. മരിച്ചവരില്‍ 108 സ്ത്രീകളും എട്ട് കുട്ടികളുമുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആഗ്ര, അലിഗഡ്, കസ്ഗഞ്ച് എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റി. പ്രതീക്ഷിച്ചതിലും അധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തെന്നും ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്താന്‍ അനുമതി നല്‍കിയില്ലെന്നുമാണ് അധികാരികള്‍ പറയുന്നത്.
തിങ്കളാഴ്ച ആരംഭിച്ച പ്രാര്‍ത്ഥന ചടങ്ങുകള്‍ ഇന്നലെ അവസാനിപ്പിച്ച് മടങ്ങാന്‍ നില്‍ക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പ്രാര്‍ഥനയ്ക്ക് ശേഷം ആത്മീയാചാര്യന്‍ ഭോലെ ബാബ എന്നറിയപ്പെടുന്ന നാരായണ്‍ സാകര്‍ ഹരിയുടെ വാഹനം കടത്തിവിടാനായി ആളുകളെ തടഞ്ഞുവെച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ചെറിയ വാതിലില്‍ കൂടി ആളുകള്‍ പുറത്തേക്ക് വരാന്‍ ശ്രമിച്ചതോടെ തിക്കും തിരക്കുമായി. കൂടുതല്‍ പേരും മരിച്ചത് ശ്വാസം മുട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അപകടത്തിന് പിന്നാലെ ഭോലെ ബാബയെ തേടി യുപി പൊലീസ് രാം കുതിര്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ പരിശോധന നടത്തി. പൊലീസ് അനുമതിയോടെയാണ് പരിപാടി നടന്നതെന്നാണ് അലിഗഡ് റേഞ്ച് പൊലീസ് ഇന്‍സ്പെക്ടര്‍ ശലഭ് മാത്തൂര്‍ പറഞ്ഞത്. സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ആഗ്ര സോണ്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍, അലിഗഡ് പൊലീസ് കമ്മീഷണര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഉത്തര്‍പ്രദേശ് ഡിജിപി, ചീഫ് സെക്രട്ടറി എന്നിവര്‍ സംഭവ സ്ഥലത്തുണ്ട്. യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി ദ്രൗപദി മുര്‍മു എന്നിവര്‍ ദുഖം രേഖപ്പെടുത്തി