Hathras 
NEWSROOM

ഹത്രസ് ദുരന്തം: പ്രധാന കാരണം അമിതമായ തിക്കുംതിരക്കുമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 128 സാക്ഷികളുടെ മൊഴിയാണ് റിപ്പോര്‍ട്ടിലുള്ളത്

Author : ന്യൂസ് ഡെസ്ക്

ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ആള്‍ദൈവം ഭോലെ ബാബയുടെ പ്രാര്‍ത്ഥനാ യോഗത്തിനിടെയുണ്ടായ ദുരന്തത്തിന് പ്രധാന കാരണമായത് അമിതമായ തിക്കുംതിരക്കുമാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ആഗ്ര എഡിജിപി അനുപം കുല്‍ശ്രേഷ്ഠ, അലിഗഡ് ഡിവിഷണല്‍ കമ്മീഷണര്‍ ചൈത്ര വി എന്നിവര്‍ ചേര്‍ന്നാണ് 121 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 128 സാക്ഷികളുടെ മൊഴിയാണ് റിപ്പോര്‍ട്ടിലുള്ളത്. ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് പരിശോധിച്ചേക്കും.

കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ലെങ്കിലും ഭോലെ ബാബയ്ക്കും അനുയായികള്‍ക്കും ഒഴിവാക്കാനാകാമായിരുന്ന ദുരന്തമായിരുന്നു ഹത്രസിലേത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് സൂചന. ജൂലൈ 2 നാണ് നാരായണ്‍ സാകര്‍ ഹരി എന്ന ഭോലെ ബാബ നടത്തിയ സത്സംഗില്‍ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ചത്. 80,000 ആളുകള്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുള്ള പരിപാടിയില്‍ 2.5 ലക്ഷത്തോളം പേര്‍ എത്തിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ സത്സംഗിന്റെ പ്രധാന സംഘാടകരില്‍ ഒരാളായ ദേവപ്രകാശ് മധൂക്കര്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് ഇതുവരെ അറസ്റ്റിലായത്.

ദുരന്തത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്നാണ് ഭോലെ ബാബയുടെ വാദം. ഗൂഢാലോചനാ വാദം പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും സംഘാടകരുടെ ഭാഗത്തു നിന്ന് വീഴ്ച്ചയുണ്ടായെന്നാണ് ഇതുവരെ ശേഖരിച്ച തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അനുപം കുല്‍ശ്രേഷ്ഠ കഴിഞ്ഞ ആഴ്ച്ച മാധ്യമങ്ങളോട് പറഞ്ഞത്.


SCROLL FOR NEXT