ഉത്തർപ്രദേശിലെ ഹത്രസിൽ ആൾദൈവം ഭോലെ ബാബയുടെ പ്രാർത്ഥനാ യോഗത്തിനിടെയുണ്ടായ ദുരന്തം ആസൂത്രിതമെന്ന് ബാബയുടെ അഭിഭാഷകൻ. പരിപാടിയിലേക്ക് പതിനാറ് പേർ നുഴഞ്ഞുകയറി വിഷം സ്പ്രേ ചെയ്തുവെന്നാണ് ആരോപണം. തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണ് നൂറിലധികം പേർ മരിച്ചതെന്നും അഭിഭാഷകൻ എ.പി സിങ് ആരോപിച്ചു.
ജൂലൈ 2 നാണ് സ്വയം പ്രഖ്യാപിത ആൾദൈവം ഭോലെ ബാബ എന്നറിയപ്പെടുന്ന നാരായൺ സാകർ ഹരിയുടെ സത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിച്ചത്. 80,000 ആളുകളെ ഉൾക്കൊള്ളാൻ പറ്റുന്ന സ്ഥലത്ത് 2.5 ലക്ഷത്തോളം പേർ ഒത്തുകൂടിയതാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ദുരന്തത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നാണ് നാരായൺ സാകർ ഹരിയുടെ അഭിഭാഷകൻ വാദിക്കുന്നത്.
വിഷപദാർഥം നിറച്ച ക്യാനുകളുമായി മുഖം മറച്ച 16 യോഗത്തിലേക്കെത്തി. ഇവർ ആളുകളുടെ ഇടയിലേക്ക് വിഷം സ്പ്രേ ചെയ്തു. വിഷപദാർഥം ശ്വസിച്ച ആളുകൾ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെയാണ് തിക്കും തിരക്കുമുണ്ടായത്. വിഷം സ്പ്രേ ചെയ്തതിന് ശേഷം രക്ഷപ്പെടുന്നതിന് വേണ്ടി സമീപത്ത് സ്കോർപ്പിയോ വാഹനങ്ങൾ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. മരിച്ചവരുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് താൻ കണ്ടു. എല്ലാവരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നും എ.പി സിങ് പറഞ്ഞു.
ഗൂഢാലോചന നടന്നുവെന്നതിന് തങ്ങളുടെ പക്കൽ തെളിവുണ്ടെന്നും എ.പി സിങ് അവകാശപ്പെട്ടു.സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം. ഇതൊരു അപകടമല്ല, കൊലപാതകമാണെന്നും ഭോലെ ബാബയുടെ അഭിഭാഷകൻ കൂട്ടിച്ചേർത്തു.ഹത്രസ് ദുരന്തത്തിൽ ഇതുവരെ ഒമ്പത് പേരെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യ സംഘാടകനായ ദേവ് പ്രകാശ് മധുകർ ഉൾപ്പെടെ സത്സംഗത്തിലെ നിരവധി വോളൻ്റിയർമാരും കേസിൽ പ്രതികളാണ്.