NEWSROOM

'ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു, പക്ഷേ അടുത്ത വര്‍ഷം ചെന്നൈയില്‍ ഉണ്ടാകരുത്'; ധോണിയോട് ആദം ഗില്‍ക്രിസ്റ്റ്

അദ്ദേഹത്തിന് ഇനി ഒന്നും തെളിയിക്കാനില്ല, നേടാനുള്ളതെല്ലാം നേടിക്കഴിഞ്ഞു

Author : ന്യൂസ് ഡെസ്ക്

ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് എംഎസ് ധോണി മാറി നില്‍ക്കുന്ന കാര്യം പരിഗണിക്കണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ആദം ഗില്‍ക്രിസ്റ്റ്. ഈ വര്‍ഷത്തെ ഐപിഎല്‍ സീസണോടെ ധോണി വിരമിക്കണമെന്നാണ് ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


ധോണി കരിയറിൻ്റെ ഉന്നതിയിലെത്തിയെന്നും പതിനെട്ടാം സീസണിനുശേഷം വിരമിക്കാന്‍ സാധ്യതയുണ്ടെന്നും ഗില്‍ക്രിസ്റ്റ് കരുതുന്നു. അടുത്ത സീസണിന് മുമ്പ് സിഎസ്‌കെ ഷെയ്ഖ് റഷീദ്, ഡെവണ്‍ കോണ്‍വേ, ദീപക് ഹൂഡ എന്നിവരെ വിട്ടയക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കരിയറിന്റെ ഉന്നതിയില്‍ ധോണി എത്തിക്കഴിഞ്ഞെന്നും ഇനി വിരമിക്കുന്ന കാര്യം അദ്ദേഹം പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് കരുതുന്നതെന്നും ഗില്‍ ക്രിസ്റ്റ് പറഞ്ഞു. അദ്ദേഹത്തിന് ഇനി ഒന്നും തെളിയിക്കാനില്ല, നേടാനുള്ളതെല്ലാം നേടിക്കഴിഞ്ഞു. അദ്ദേഹം സ്വയം ഒരു തീരുമാനം എടുക്കുമായിരിക്കും. പക്ഷെ, അടുത്ത വര്‍ഷം ചെന്നൈയില്‍ അദ്ദേഹം ഉണ്ടാകരുതെന്നാണ് താന്‍ കരുതുന്നത്. ധോണിയോടുള്ള എല്ലാ സ്‌നേഹത്തോടെയുമാണ് താന്‍ ഇത് പറയുന്നത്, അദ്ദേഹം ഒരു ചാംപ്യനും ഐക്കണുമാണ്- ഗില്‍ക്രിസ്റ്റിന്റെ വാക്കുകള്‍ ഇങ്ങനെ.

അടുത്ത സീസണിലും ചെന്നൈക്കു വേണ്ടി ധോണി കളിക്കുമെന്ന് സുരേഷ് റെയ്‌ന സ്ഥിരീകരിച്ചിരുന്നു. ഈ സീസണില്‍ ചെന്നൈയുടെ ദയനീയ പ്രകടനത്തില്‍ ആരാധകരും ക്രിക്കറ്റ് ലോകത്തെ പ്രമുഖരുമെല്ലാം വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതിനിടയിലാണ് ഗില്‍ക്രിസ്റ്റ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. ക്രിക്ക്ബസ്സുമായുള്ള ചര്‍ച്ചയിലാണ് ഗില്‍ക്രിസ്റ്റ് ഐപിഎല്ലില്‍ ധോണിയുടേയും ചെന്നൈയുടേയും ഭാവിയെ കുറിച്ച് പറഞ്ഞത്.

2020ല്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതാണ്. തുടര്‍ന്ന് ഐപിഎല്ലില്‍ ചെന്നൈക്കൊപ്പമുള്ള യാത്ര തുടര്‍ന്നു. ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ് ചെന്നൈ അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയത്. ഇതില്‍ രണ്ട് കിരീടം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനു ശേഷമായിരുന്നു.


അതേസമയം, ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്നത് ചെന്നൈയാണ്. ടോസ് നേടിയ പഞ്ചാബ് ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ചെപ്പോക്കില്‍ നടക്കുന്ന മത്സരം ചെന്നൈയെ സംബന്ധിച്ച് നിര്‍ണായകമാണ്. ഐപിഎല്‍ പതിനെട്ടാം അങ്കത്തില്‍ നിലനില്‍ക്കാന്‍ ജയം അനിവാര്യമാണ്.

SCROLL FOR NEXT