NEWSROOM

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു; ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും

ജഗദീശ്വരൻ്റെ കൃപയാൽ നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം റിനെ മെഡിസിറ്റി ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഉമാ തോമസ് ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിന് പിന്നാലെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട തൃക്കാക്കര എംഎൽഎ ഉമാ തോമസ് ഇന്ന് ആശുപത്രി വിടും. ജഗദീശ്വരൻ്റെ കൃപയാൽ നീണ്ട 46 ദിവസത്തെ ചികിത്സയ്ക്ക് ശേഷം റിനെ മെഡിസിറ്റി ആശുപത്രി വിട്ട് വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഉമാ തോമസ് ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

"എന്നെ ശുശ്രൂഷിച്ച ഡോക്ടർമാർ, നഴ്സുമാർ, സപ്പോർട്ട് സ്റ്റാഫ്, ഇതുവരെയും പ്രാർഥനയോടെയും, സ്നേഹത്തോടെയും കൂടെ നിന്ന സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ.., അനുഭാവങ്ങൾ പങ്കുവെച്ച എല്ലാവർക്കും ഹൃദയപൂർവം നന്ദി... വിശദമായ കുറിപ്പ് പിന്നീട് പങ്കുവയ്ക്കുന്നതാണ്", ഉമാ തോമസ് ഫേസ്ബുക്കിൽ കുറിച്ചു.


കഴിഞ്ഞ ദിവസം വെർച്വലായി ഉമാ തോമസ് പൊതുപരിപാടിയിൽ പങ്കെടുത്തത് ഏറെ ശ്രദ്ധേയമായിരുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിയും ഗവർണറും അടക്കം പൊതുപ്രവർത്തന രംഗത്തുള്ള പ്രമുഖകർ ഉമാ തോമസിനെ കാണാൻ ആശുപത്രിയിലെത്തിയിരുന്നു.



ഡിസംബര്‍ 29ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12,000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ഉമാ തോമസിന് അപകടം സംഭവിക്കുന്നത്. മൃദംഗനാദം മൃദംഗവിഷൻ്റെ നേതൃത്വത്തിലാണ് മെഗാ ഭരതനാട്യം സംഘടിപ്പിച്ചത്. കലൂ‍ർ ജവഹ‍ർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്‌റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമാ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചു. 11 അടിയോളം ഉയരത്തില്‍ നിന്നാണ് ഉമാ തോമസ് വീണത്.


അശാസ്ത്രീയമായ സ്റ്റേജ് നിർമാണമാണ് അപകടത്തിന് കാരണമെന്നാണ് അപകടത്തിന് പിന്നാലെ പുറത്തുവന്ന റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേജ് ഉറപ്പിച്ചിരുന്നത് സിമന്റ് കട്ടകളിലാണ്, സിമന്റ് കട്ട പൊടിഞ്ഞ സ്റ്റേജ് തകരാൻ സാധ്യതയുണ്ടായിരുന്നു, സ്റ്റേജിന് കുലുക്കം ഉണ്ടായിരുന്നുവെന്നും തുടങ്ങിയ ഗുരുതര കണ്ടെത്തലുകളും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സ്റ്റേജിൽ നടന്നുപോകാൻ മതിയായ അകലം ഇല്ലാതെയാണ് ക്രമീകരണം നടത്തിയത്. പിഡബ്ല്യുഡി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമായത്. സ്റ്റേജിൽ നിന്ന് താഴേക്ക് വീണാൽ മരണം സംഭവിക്കാമെന്ന് അറിവുണ്ടായിട്ടും പ്രതികൾ അത് അവഗണിച്ചുവെന്നും റിമാൻഡ് റിപ്പോ‍ർട്ടിൽ പറയുന്നു.


SCROLL FOR NEXT