NEWSROOM

ഇന്ന് പനി സർവേ, നിപ വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പ്; കോഴിക്കോട് മെഡിക്കൽ കോളേജില്‍ മുൻകരുതലുകൾ ശക്തമാക്കി

നിപ സ്ഥിരീകരിച്ച നടുവത്തും മൂന്ന് കിലോമീറ്റർ ചുറ്റളവിലും ഇന്ന് പനി സർവേയും നടത്തും

Author : ന്യൂസ് ഡെസ്ക്

മലപ്പുറം സ്വദേശിയായ 24കാരന് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മുൻകരുതലുകൾ ശക്തമാക്കി. പൂനെ വൈറോളജി ലാബിലെ പരിശോധനാ ഫലം കൂടെ പുറത്തുവന്നതോടെ ജീവനക്കാർക്ക് എച്ച് 95 മാസ്കും, ഏപ്രണും നിർബന്ധമാക്കി. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നിപ പ്രതിരോധത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ടീമിനെ നിയോഗിക്കും. 

ഐസിഎംആർ സംഘത്തിന്‍റെ വൈദഗ്ധ്യം കൂടി ഉപയോഗപ്പെടുത്തി രോഗവ്യാപനം തടയുന്നതിലും, നിയന്ത്രണ നടപടികളിലും, ചികിത്സയിലും കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങള്‍ നടത്താനാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. നിപ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവയാണ് കണ്ടെയ്ൻമെൻ്റ് സോണുകളായി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചത്.  ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത കാട്ടിയാൽ മതിയെന്നും കളക്ടർ പറഞ്ഞു. നിപ സ്ഥിരീകരിച്ച നടുവത്തും മൂന്ന് കിലോമീറ്റർ ചുറ്റളവിലും ഇന്ന് പനി സർവേയും നടത്തും. 



ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥി കഴിഞ്ഞ തിങ്കളാഴ്ചയോടെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസുണ്ടോയെന്ന സംശയം ഉയർന്നത്. തുടർന്ന്, കോഴിക്കോട് നടത്തിയ പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവായിരുന്നു. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ച സ്രവ പരിശോധന ഫലം കൂടി പോസിറ്റീവായപ്പോഴാണ് നിപ സ്ഥിരീകരിച്ചത്.



ഇതുവരെ 151 പേരാണ് യുവാവിന്‍റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. നാല് സ്വകാര്യ ആശുപത്രികളില്‍ യുവാവ് ചികിത്സ തേടിയിട്ടുണ്ട്. ഇതുകൂടാതെ സുഹൃത്തുക്കള്‍ക്കൊപ്പം ചില സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇവരുടെ എല്ലാവരുടെയും തന്നെ വിവരങ്ങള്‍ ശേഖരിച്ച് നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ അഞ്ച് പേര്‍ക്ക് ചില ലഘുവായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വീണ ജോർജ് അറിയിച്ചു.


SCROLL FOR NEXT