NEWSROOM

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിനിയുടെ മരണം: അന്വേഷണത്തിന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ് സജീവ് ഈമാസം പതിനഞ്ചിനാണ് പത്തനംതിട്ടയിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണ ജോർജ്. ആരോഗ്യ സർവകലാശാലയ്ക്കാണ് അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി നിർദേശം നൽകിയത്. അന്വേഷണം വേഗത്തിലാക്കാനും ആരോഗ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എസ്. സജീവ് ഈമാസം പതിനഞ്ചിനാണ് പത്തനംതിട്ടയിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചത്.

അമ്മുവിന്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. സഹപാഠികളുടെ മാനസിക പീഡനം ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബത്തിന്റെ ആരോപണം. പിന്നാലെയാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. എന്നാൽ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രശ്നങ്ങൾ കോളജിൽ ഉണ്ടായിരുന്നില്ല എന്നാണ് ക്ലാസ്‌ ടീച്ചറുടെ പ്രതികരണം.

വിദ്യാർഥികൾ തമ്മിലുള്ള പ്രശ്‌നം ക്ലാസിൽ തന്നെ പരിഹരിച്ചിരുന്നെന്നും അധ്യാപിക പറഞ്ഞു. കോളേജിന്റെ ഭാഗത്തു നിന്നുള്ള നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ടെന്ന് കോളജ് പ്രിൻസിപ്പാളും വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. വിദ്യാർഥികളുടെയും അധ്യാപകരുടെയും അമ്മുവിന്റെ കുടുംബത്തിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും.

SCROLL FOR NEXT