NEWSROOM

എംപോക്സിൽ ആശങ്ക വേണ്ട, അനാവശ്യ പ്രചരണം ഒഴിവാക്കണം: വീണാ ജോർജ്

രോഗത്തെ പ്രതിരോധിക്കാൻ സർക്കാർ എല്ലാ വിധ മുൻകരുതലുകളും സ്വീകരിച്ചുകഴിഞ്ഞെന്നും വീണാ ജോർജ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് 'എംപോക്സ് ക്ലേഡ് 1 B' സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വിഷയത്തിൽ അനാവശ്യ പ്രചാരണം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രഹരശേഷി കൂടുതലുള്ള വകഭേദമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗത്തെ പ്രതിരോധിക്കാൻ സർക്കാർ എല്ലാ വിധ മുൻകരുതലുകളും സ്വീകരിച്ച് കഴിഞ്ഞെന്നും വീണാ ജോർജ് പറയുന്നു.

അതേസമയം, രോഗബാധയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ ജാഗ്രത ശക്തമാക്കി. വിമാനത്താവളത്തിൽ പ്രത്യേക നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും, രോഗം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ സമീപത്തെ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

തിങ്കളാഴ്ചയാണ് വിദേശത്ത് നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവാവിന് തീവ്ര വ്യാപന ശേഷിയുള്ള വകഭേദമായ ക്ലേഡ് 1 ബി സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് എംപോക്സ് തീവ്രവ്യാപന ശേഷിയുള്ള ക്ലേഡ് 1 ബി സ്ഥിരീകരിക്കുന്നത്. ഈ വൈറസിൻ്റെ വ്യാപനം ശക്തമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതേസമയം, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമാണ്.

SCROLL FOR NEXT