NEWSROOM

"ആശമാരെ സ്ഥിരം തൊഴിലാളിയായി സംസ്ഥാനത്തിന് പ്രഖ്യാപിക്കാനാകില്ല, മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന് കേന്ദ്ര നിര്‍ദേശമുണ്ട്"

ആശമാരെ സ്ഥിരം തൊഴിലാളിയായി നിയമിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കാന്‍ കഴിയുന്നത് കേന്ദ്ര സര്‍ക്കാരിനാണെന്നും വീണാ ജോര്‍ജ്

Author : ന്യൂസ് ഡെസ്ക്


ആശാ വര്‍ക്കര്‍മാരെ സ്ഥിരം തൊഴിലാളിയായി പ്രഖ്യാപിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിയമസഭയിലെ ചോദ്യത്തിന് ആരോഗ്യമന്ത്രി രേഖാമൂലം മറുപടി നല്‍കുകയായിരുന്നു. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ആശാവര്‍ക്കര്‍മാരുടേതെന്നും മന്ത്രി പറഞ്ഞു.

മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. ആശമാരെ സ്ഥിരം തൊഴിലാളിയായി നിയമിക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കാന്‍ കഴിയുന്നത് കേന്ദ്ര സര്‍ക്കാരിനാണെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.

അതേസമയം ആശാ വര്‍ക്കര്‍മാര്‍ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. നൂറുകണക്കിന് ആശാ വര്‍ക്കര്‍മാരാണ് പ്രതിഷേധിക്കുന്നത്. സമരത്തിന്റെ രണ്ടാംഘട്ടം എന്ന നിലയിലാണ് ഉപരോധ സമരം. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തിലാണ് അതിശക്തമായ പ്രകടനവുമായി ആശാപ്രവര്‍ത്തകര്‍ തടിച്ചു കൂടിയത്.

രാവിലെ 9 മുതല്‍ വൈകിട്ട് ആറു വരെ സെക്രട്ടേറിയറ്റും പ്രധാന റോഡും ഉപരോധിക്കാനാണ് സമരക്കാരുടെ തീരുമാനം. എന്‍എച്ച്എം സംഘടിപ്പിക്കുന്ന പരിശീലന പരിപാടി അടക്കം ബഹിഷ്‌കരിച്ചാണ് ആശാപ്രവര്‍ത്തകര്‍ ഉപരോധത്തില്‍ പങ്കെടുത്തത്. ആശ സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിരോധം ഉണ്ടെന്ന ആരോപണം പരിശീലന ഉത്തരവോടെ ശക്തമായി. അനുകൂല നിലപാട് സ്വീകരിക്കും വരെ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകാനാണ് സമരക്കാരുടെയും തീരുമാനം.


SCROLL FOR NEXT