ആന്ധ്രയിലെ മുൻ ജഗൻ മോഹൻ റെഡ്ഡി സർക്കാരിന് നേരെ ആന്ധ്ര മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളിൽ വിശദമായ റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യ വകുപ്പ്. ജഗൻ മോഹൻ റെഡ്ഡി സർക്കാരിൻ്റെ കാലത്ത് തിരുപ്പതി ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നു എന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം.
ടിഡിപി യോഗത്തിൽ സംസാരിക്കവെയാണ് മുൻ സർക്കാനെതിരെ ചന്ദ്രബാബു നായിഡു വെളിപ്പെടുത്തൽ നടത്തിയത്. ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് ജഗൻ മോഹൻ സർക്കാരിന്‍റെ കാലത്ത് തിരുപ്പതി ലഡ്ഡു ഉണ്ടാക്കിയത്. തിരുപ്പതി ലഡു ഉണ്ടാക്കാൻ നെയ്യ് ഉപയോഗിക്കുന്നതിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും നായിഡു പറഞ്ഞു.
പ്രതികരണത്തിൽ രൂക്ഷ വിമർശനവുമായി ആന്ധ്രാപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷ് രംഗത്ത് വന്നിരുന്നു. ഏറ്റവും പവിത്രമായ ക്ഷേത്രമാണ് തിരുമല തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രം. അവിടെ ജഗൻ മോഹൻ സർക്കാർ പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചത് ഞെട്ടിക്കുന്ന വാർത്തയാണെന്നായിരുന്നു മന്ത്രി നാരാ ലോകേഷിന്‍റെ പ്രതികരണം.
എന്നാൽ നായിഡുവിൻ്റെ ആരോപണങ്ങളെ തള്ളി മുതിർന്ന വൈഎസ്ആർസിപി നേതാവും മുൻ ടിടിഡി ചെയർമാനുമായ വൈ വി സുബ്ബ റെഡ്ഡി രംഗത്തെത്തിയിരുന്നു. തിരുമല പ്രസാദത്തെക്കുറിച്ചുള്ള നായിഡുവിൻ്റെ ആരോപണം അങ്ങേയറ്റം ദുരുദ്ദേശ്യപരമാണ്, ക്ഷേത്രത്തിൻ്റെ പവിത്രതയ്ക്കും കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിനും നായിഡു കോട്ടം വരുത്തി. രാഷ്‌ട്രീയ നേട്ടത്തിനായി ഏത് തലതിരിഞ്ഞ നടപടിയും നായിഡു സ്വീകരിക്കുമെന്ന് ഇതോടെ വ്യക്തമെന്നും വൈഎസ്ആർ കോൺഗ്രസ് നേതാവ് സുബ്ബ റെഡ്ഡി പ്രതികരിച്ചിരുന്നു.